കൂത്തുപറമ്പ്: യുവാവിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തിയത് ദിവസങ്ങൾ നീണ്ട സമർഥമായ പോലീസ് അന്വേഷണത്തിനൊടുവിൽ.
ദൃക്സാക്ഷികളായി ആരും ഇല്ലാതിരുന്ന സംഭവത്തിൽ പോലീസിന് സഹായകരമായത് സിസിടിവി കാമറ ദൃശ്യങ്ങൾ. ഈ മാസം 25 ന് രാത്രി 7.35 ന് മമ്പറം ഇന്ദിരാഗാന്ധി പാർക്കിന് സമീപം വെച്ചായിരുന്നു പടിഞ്ഞിറ്റാംമുറിയിലെ ബി.കെ.സന്തോഷിനെ (46) ഏതോ വാഹനം ഇടിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
ഹോട്ടലിൽ നിന്നും ഭക്ഷണങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു സന്തോഷ്. അതുവഴി വന്ന ബൈക്ക് യാത്രികനായ യുവാവും നാട്ടുകാരും ചേർന്ന് ഇയാളെ മമ്പറം അൽഖസ്ന മെഡിക്കൽ സെന്ററിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും എത്തിച്ചു.
വാഹനത്തിന്റെ ടയറുകൾ കയറിയിറങ്ങി കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു.
സംഭവം നടന്ന ഉടൻ പിണറായി എസ്ഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ യുവാവിനെ ഇടിച്ചിട്ട വാഹനത്തെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.
മിനി ലോറിയിൽ തുടങ്ങിയ അന്വേഷണം ചെങ്കൽ ലോറിയിൽ അവസാനിച്ചു
അഞ്ചരക്കണ്ടി, തലശേരി ഭാഗത്തേക്കായിരുന്നു ആദ്യ അന്വേഷണം. തലശേരി, ധർമടം പോലീസ് സ്റ്റേഷനിലും വിവരം നൽകി. അന്വേഷണത്തിൽ ഒരു മിനിലോറിയാണ് ഇടിച്ചതെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.പരിശോധനയിൽ പിണറായി കൺവെൻഷൻ സെന്ററിനടുത്ത് സംശയാസ്പദമായ നിലയിൽ ഒരു ലോറി നിർത്തിയിട്ടതായി ശ്രദ്ധയിൽ പെടുകയും ഡ്രൈവറോട് സംഭവത്തെ പറ്റി ചോദിച്ചതിൽ വ്യക്തമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെ ലോറി പിണറായി സ്റ്റേഷനിലേക്ക് മാറ്റി. ലോറി വിശദമായി പരിശോധിക്കാൻ ജില്ലാ ഫോറസിക് സയൻസ് ലാബിൽ അപേക്ഷ നൽകുകയും ചെയ്തു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ പോലീസ് തയാറായി. തുടർന്ന് മമ്പറം ടൗണിൽ സ്ഥാപിച്ച വിവിധ കാമറകൾ പരിശോധിച്ചപ്പോൾ അപകടമുണ്ടാക്കിയ വാഹനം ചെങ്കൽ ലോറിയാണെന്ന് മനസിലായി.ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചരക്കണ്ടി, ചാലോട്, മാമാനത്തമ്പലം, ഇരിക്കൂർ ടൗൺ എന്നിവിടങ്ങളിൽ നിന്നും സിസിടിവി കാമറകൾ വിശദമായി പരിശോധിച്ചു.തുടർ അന്വേഷണത്തിൽ അപകടം നടന്ന ദിവസം രാത്രി 7.35 ന് മമ്പറം പടിഞ്ഞിറ്റാംമുറിയിലൂടെ കടന്നുപോയത് കെ.ആർ.എസ് എന്ന് പേരുള്ള ലോറിയാണെന്ന് വ്യക്തമായി.
പിന്നീട് ഈ ലോറി കണ്ടെത്താനായിരുന്നു ശ്രമം. ഇരിക്കൂർ പോലീസ് സ്റ്റേഷൻ മുഖേന നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ മനസിലായി.വാഹനം ആയിപ്പുഴയിലെ അജ്മൽ (23) എന്നയാളാണ് ഓടിച്ചു വന്നിരുന്നതെന്നും ആയിപ്പുഴ ഭാഗത്ത് പുഴ മണൽ കടത്തികൊണ്ടു പോകുന്ന വാഹനമാണെന്നും കണ്ടെത്തി.
ഇരിക്കൂർ ടൗണിൽ വെച്ച് അജ്മൽ കസ്റ്റഡിയിലായി. ചോദ്യം ചെയ്തതിൽ ഇയാൾ കാര്യങ്ങൾ നിഷേധിച്ചെങ്കിലും പോലീസ് ലാപ്ടോപ്പിലെ ദൃശ്യങ്ങൾ കാട്ടിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.ഇയാളുടെ സുഹൃത്തിന്റെ വീട് നിർമാണത്തിന് വേണ്ടി പൂഴി ഇറക്കാനായി മമ്പറം ഭാഗത്ത് എത്തിയതാണെന്നും ഇയാൾ മൊഴി നൽകി.
പിണറായി എസ്ഐ കെ.വി. ഉമേഷിനോടൊപ്പം എസ്ഐ നസീർ, എഎസ്ഐ പ്രജോഷ് ബാബു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിജേഷ്, സിവിൽ പോലീസ് ഓഫീസർ രജീഷ്, സിസിടിവി എക്സ്പേർട്ട് അഖിൽ എന്നിവർ പ്രതിയെ പിടികൂടിയെ സംഘത്തിൽ ഉണ്ടായിരുന്നു.