അജിത് ടോം
ചുരുങ്ങിയ നാളുകൊണ്ട് കൂടുതല്‍ ജനപ്രീതി നേടിയ കാര്‍ എന്നതാകും റെനോ എന്ന കമ്പനിക്കു നല്കാവുന്ന ഏറ്റവും ഉത്തമമായ വിശേഷണം. ഡസ്റ്റര്‍ മുതല്‍ ക്വിഡ് വരെ റെനോയില്‍നിന്നു പുറത്തിറങ്ങിയ കാറുകള്‍ എല്ലാം തന്നെ മികവു പുലര്‍ത്തിയതാണ് ഒരു ഫ്രഞ്ച് കമ്പനിയായിരുന്നിട്ടു പോലും ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ റെനോയ്ക്ക് ഇന്ത്യയില്‍ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ സാധിച്ചത്.
റെനോ എന്നു കേള്‍ക്കുമ്പോള്‍ വാഹനപ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുന്നത് തലയെടുപ്പോടെ നിരത്തുകളില്‍ പായുന്ന ഡസ്റ്ററിന്റെ രൂപമായിരിക്കും. സൗന്ദര്യംകൊണ്ടും തലയെടുപ്പുകൊണ്ടും ആളുകളുടെ മനം കീഴടക്കിയ ഡസ്റ്റര്‍ ഓട്ടോമാറ്റിക് രൂപത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.
മാറ്റം പേരിനു മാത്രം
ബോഡിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും വളരെ പ്രധാനമായ ഒരു പുതുമ വീലുകളില്‍ വരുത്തിയിട്ടുണ്ട്. അഞ്ച് സ്‌പോര്‍ക്കുകളിലായി ബ്ലാക്കില്‍ സ്റ്റീല്‍ ഫിനീഷിംഗുള്ള 16 ഇഞ്ച് അലോയ് വീലുകളാണ് സൈഡില്‍നിന്നു കാണുമ്പോഴുള്ള മാറ്റം. എന്നാല്‍, വീല്‍ ആര്‍ച്ചുകള്‍ പഴയതുപോലെതന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഇത് മറ്റ് കോംപാക്ട് എസ്‌യുവികളില്‍നിന്നു വ്യത്യസ്തമായി ഡസ്റ്ററിന് ഒരു എസ്‌യുവി പരിവേഷം പകരുന്നു.
അടിമുടി മാറിയ പിന്‍വശം
പിന്‍ഭാഗത്ത് കാതലായ മാറ്റമുണ്ട്. വെള്ളച്ചാട്ടത്തിന്റെ രൂപസാദൃശ്യത്തില്‍ ബ്ലാക്കിഷ് എല്‍ഇഡി ടെയ്ല്‍ ലാമ്പാണു പിന്‍ഭാഗത്ത് ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിനു പുറമേ റിയര്‍ ബംപറിലും സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ഭാഗത്തെ ബംപറില്‍ നല്കിയിരിക്കുന്നതു പോലെ വലിയ അലുമിനിയം നിറത്തിലുള്ള പ്ലേറ്റുകളും നല്കിയിരിക്കുന്നതിനാല്‍ പഴയ ഡസ്റ്ററിനോട് വിദൂര സാമ്യം പോലും ഇത് പുലര്‍ത്തുന്നില്ല. ഇവയ്‌ക്കെല്ലാം പുറമെ നമ്പര്‍ പ്ലേറ്റിനു മുകളിലെ സ്റ്റീല്‍ ക്രോമില്‍ ബ്ലാക്ക് ലെറ്ററില്‍ പേരും നല്കിയിരിക്കുന്നു. പുതുമകള്‍ ഏറെ നല്കിയിട്ടുണെ്ടങ്കിലും ഡസ്റ്ററിന്റെ വലുപ്പത്തില്‍ മാറ്റം വരുത്തിയിട്ടില്ല. 4315 എംഎം നീളവും 1822 എംഎം വീതി, 1695 എംഎം ഉയരം എന്നിവയ്‌ക്കൊപ്പം 2673 എംഎം വീല്‍ബേസും മറ്റ് കോംപാക്ട് എസ്‌യുവികളേക്കാള്‍ അധികമായി 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്കിയിരിക്കുന്നു.
അഴകാര്‍ന്ന ഉള്‍വശം
പുതിയ ഡസ്റ്ററിന്റെ മാറ്റം ഉള്‍വശത്തും പ്രതിഫലിക്കുന്നുണ്ട്. മറ്റു മോഡലുകളില്‍നിന്നു വ്യത്യസ്തമായി ക്രീം, ബ്ലാക്ക് കോമ്പിനേഷനിലാണ് ഡാഷ്‌ബോര്‍ഡിന്റെ നിര്‍മാണം. സെന്റര്‍ കണ്‍സോള്‍ ഒഴിച്ച് ബാക്കി മുഴുവന്‍ ഭാഗത്തും ഈ മള്‍ട്ടി കളര്‍ കോമ്പിനേഷന്‍ നല്കിയിട്ടുണ്ട്. കൂടാതെ ഡോറുകളുടെ ഉള്‍ഭാഗത്തെ ഹാന്‍ഡ് റെസ്റ്റിനു സമീപം ഫാബ്രിക് ഫിനീഷിംഗ് നല്കിയിരിക്കുന്നതും ഉള്‍വശത്തെ ഡോര്‍ ഹാന്‍ഡില്‍ ക്രോം ഫിനീഷിംഗില്‍ തീര്‍ത്തതും രൂപകല്പനയിലെ മികവ് തെളിയിക്കുന്നു.
സ്റ്റീയറിംഗ് വീല്‍ സ്‌പോക്കുകളില്‍ സില്‍വര്‍ ഫിനീഷിംഗ് നല്കിയതൊഴിച്ചാല്‍ പ്രകടമായ മാറ്റം ഇവിടെ നല്കിയിട്ടില്ല. എന്നാല്‍, മീറ്റര്‍ കണ്‍സോളില്‍ അടിമുടി അഴിച്ചുപണി നടത്തിയിട്ടുണ്ട്. ക്രോം ഫിനീഷിംഗില്‍ ട്രിപ്പിള്‍ ബാരല്‍ മീറ്ററാണ് നിര്‍മിച്ചിരിക്കുന്നത്. മറ്റു കാറുകളില്‍നിന്നു വ്യത്യസ്തമായി വലതുവശത്താണ് ഡിജിറ്റല്‍ മീറ്റര്‍ നല്കിയിരിക്കുന്നത്. ഇത് സ്റ്റിയറിംഗിന്റെ മറയില്ലാതെ മീറ്റര്‍ കാണാന്‍ സഹായിക്കുന്നു. ഇതില്‍ ഗിയര്‍ ഷിഫ്റ്റ്, ദൂരം ഇന്ധനക്ഷമത എന്നിവ കാണിക്കുന്നു.
പിയാനോ ബ്ലാക്ക് ഫിനീഷിംഗില്‍ വെര്‍ട്ടിക്കിള്‍ ആകൃതിയിലാണ് സെന്റര്‍ കണ്‍സോള്‍ തീര്‍ത്തിരിക്കുന്നത്. ഇതിലെ എസി വെന്റുകള്‍ക്ക് സില്‍വര്‍ ക്രോം ഫിനീഷിംഗ് നല്കിയിട്ടുണ്ട്. കൂടാതെ സ്മൂത്ത് ടച്ച് ക്ലോസിംഗും പുതുമയാണ്. പഴയ ഡസ്റ്ററിലെ മ്യൂസിക് സിസ്റ്റം തന്നെയാണ് നല്കിയിരിക്കുന്നതെങ്കിലും കൂടുതല്‍ സൗകര്യങ്ങളുണ്ട്. നാവിഗേഷന്‍, ഫോണ്‍, റോഡ് മാപ്പ് തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, സിഡി ഇടാനുള്ള സൗകര്യം നല്കുന്നില്ല. മ്യൂസിക് സിസ്റ്റത്തിനു താഴെയായാണ് എസി കണ്‍ട്രോള്‍ യൂണിറ്റ്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം എന്ന ഏറ്റവും സ്വാഗതാര്‍ഹമായ മാറ്റത്തോടെയാണ് പുതിയ ഡസ്റ്ററിന്റെ എസി യൂണിറ്റ് നിര്‍മിച്ചിരിക്കുന്നത്.
വളരെ വിശാലമായ ഗ്ലൗ ബോക്‌സിനു മുകളിലായാണ് പാസഞ്ചര്‍ എയര്‍ബാഗ്. കൂടാതെ ഡാഷ്‌ബോര്‍ഡില്‍ ഡസ്റ്റര്‍ എന്ന് ആലേഖനം ചെയ്തിരിക്കുന്നത് പുതുമ പകരുന്നു. വിശാലമായി ബൂട്ട് സ്‌പേസ് നല്കിയിരിക്കുന്നതിനൊപ്പം 475 ലിറ്റര്‍ കപ്പാസിറ്റിയില്‍ റിയര്‍ സീറ്റ് മടക്കി വലുതാക്കാവുന്ന ഡിക്കി സ്‌പേസുമുണ്ട്.
മൂര്‍ച്ച കൂട്ടിയ സൗന്ദര്യം
വലിയ മാറ്റങ്ങളൊന്നും വരുത്താതെ മുന്‍വശത്തിന്റെ സൗന്ദര്യം അല്പം വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രില്ലിലും ഹെഡ് ലാമ്പുകളിലുമാണ് മാറ്റം. മുന്‍ മോഡലുകളില്‍നിന്നു വിപരീതമായി ക്രോം ഷിനീഷിംഗിലുള്ള രണ്ട് ഗ്രില്ലുകളും അതിനു മധ്യഭാഗത്തായി ബോണറ്റ് വരെയെത്തുന്ന വലിയ ലോഗോയുമാണ് പുതിയ ഡസ്റ്റന്റെ മുന്‍ഭാഗത്ത് നല്കിയിരിക്കുന്നത്. പഴയ ഡസ്റ്ററില്‍ റൗണ്ട് ആകൃതിയിലുണ്ടായിരുന്ന രണ്ടു ലൈറ്റുകള്‍ക്കു പകരം ചതുരാകൃതിയിലുള്ള മൂന്നു ഹാലജന്‍ ലൈറ്റുകളാണ് നല്കിയിരിക്കുന്നത്. ഇത് ഒറ്റ നോട്ടത്തില്‍ പ്രധാന എതിരാളിയായ ടെറാനോയുടെ ലൈറ്റുമായി നേരിയ സാമ്യം തോന്നിപ്പിക്കും. ബംപറിനെ ആവരണം ചെയ്തിരിക്കുന്ന സില്‍വര്‍ പ്ലെയ്റ്റ് മുന്‍വശത്തെ സ്‌പോട്ടി ലുക്കിന് മുതല്‍ക്കൂട്ടാവുന്നു. കൂടാതെ ബംപറിന്റെ താഴെ ഭാഗത്തായി അല്പം ഉള്‍ഭാഗത്ത് കറുത്ത പ്രതലത്തില്‍ ഫോഗ് ലാമ്പും നല്കിയാണ് മുന്‍വശത്തിന്റെ മാറ്റം പൂര്‍ണമാക്കിയിരിക്കുന്നത്.
മികച്ച ഇന്ധനക്ഷമത
1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് ഡസ്റ്റര്‍ ഇറങ്ങിയിരിക്കുന്നത്. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് പെട്രോള്‍ എന്‍ജിനു കരുത്ത് പകരുമ്പോള്‍ ഡീസലിന് ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സാണ് നല്കിയിട്ടുള്ളത്. മാത്രമല്ല, ഡീസലില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ നല്കുന്നുള്ളൂ. പെട്രോളിനു 13 കിലോമീറ്ററും ഡീസലിന് 19.87 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. ആറു നിറങ്ങളിലായി 12 വേരിയന്റുകളിലാണ് ഡസ്റ്റര്‍ ഇറങ്ങുന്നത്. ഓണ്‍ റോഡ് വില 9.91 മുതല്‍ 15.92 ലക്ഷം രൂപ വരെ.
ടെസ്റ്റ് ഡ്രൈവ്: റെനോ കോട്ടയം- 9995554367