മൂന്നുകിലോ കഞ്ചാവുമായി എഴുപതുകാരി പിടിയില്‍

PKD-KANCHAVUARRESTഅഗളി: മൂന്നു കിലോ കഞ്ചാവുമായി വൃദ്ധയെ അഗളി എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മേലെ കോട്ടത്തറ വളയം കോളനിയില്‍ സുബ്രഹ്മണ്യന്റെ ഭാര്യ കറുപ്പത്താള്‍ (70) ആണ് അറസ്റ്റിലായത്. വിധവയായ ഇവര്‍ ഒറ്റയ്ക്കാണ് താമസം.കോയമ്പത്തൂരില്‍ കൊണ്ടുവരുന്ന കഞ്ചാവ് ചെറു പാക്കറ്റുകളിലാക്കിയാണ് വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം കഞ്ചാവു കേസില്‍ പ്രതിയായ ഇവരെ പിടികൂടിയിരുന്നില്ല. ഈ കേസില്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോള്‍ കഞ്ചാവ് ചെറിയ പൊതികളിലാക്കി കൊണ്ടിരിക്കുകയായിരുന്നു. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് ഇവര്‍ പ്രധാനമായും കഞ്ചാവ് നല്‍കിയിരുന്നതെനന് പൊലീസ് പറഞ്ഞു.

കോട്ടത്തറയും പരിസരപ്രദേശങ്ങളും മദ്യ-മയക്കുമരുന്നു വില്‍പ്പന കേന്ദ്രമായി മാറിയിട്ടുണ്ട്. കഴിഞ്ഞ 15ന് മട്ടത്തുകാട് പുളിയപ്പതിയില്‍ നിന്നു 1.900 കിലോഗ്രാം കഞ്ചാവും 92,500 രൂപയും സഹിതം എഴുപത്തിയഞ്ചുകാരിയായ വൃദ്ധയെ ഷോളയൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇക്കഴിഞ്ഞ 24ന് തേക്കുപന വനമേഖലയില്‍ നിന്ന് ഉണങ്ങാനിട്ടിരുന്ന 70 ചുവട് കഞ്ചാവ് ചെടികള്‍ ജനമൈത്രി എക്‌സൈസ് പിടിച്ചെടുത്തിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് കറുപ്പത്താള്‍ അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീധരന്‍, പ്രിവന്റീവ് ഓഫീസര്‍ വിശ്വനാഥ്, സി പി ഒമാരായ ശശി, ഉദയന്‍, സഹീര്‍ അലി, മണികണ്ഠന്‍, ശ്രീക്കുട്ടി എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.

Related posts