മൃദംഗശൈലേശ്വരി സന്നിധിയില്‍ സ്വീകരണം ഏറ്റുവാങ്ങി റസൂല്‍ പൂക്കൂട്ടി

knr-rasulpookuttyഇരിട്ടി: നാനാ സംസ്കാരങ്ങളെ ആദരിക്കുകയും പാര്‍ക്കാന്‍ ഇടം നല്‍കുകയും ചെയ്യുന്ന ഭാരതം നിര്‍വചിക്കാനാകാത്ത മഹത്വമുള്ള രാഷ്ട്രമാണെന്ന് ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനും ഗോള്‍ഡന്‍ റീല്‍ അവാര്‍ഡ് നേടിയ ആദ്യ ഏഷ്യക്കാരനുമായ റസൂല്‍ പൂക്കുട്ടി. മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം ദേവസ്വത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രമെടുത്തു നോക്കിയാല്‍ ഇവിടെ വന്നെത്തിയ സംസ്കാരങ്ങളെയെല്ലാം  പാര്‍ക്കാന്‍ ഇടംനല്‍കി  നമ്മള്‍ ഏറ്റുവാങ്ങുകയായിരുന്നു. വിശ്വാസം നമ്മുടെ ഉള്ളിന്റെ ഉള്ളിലാണ് ഉണ്ടാകേണ്ടത്. അതിനു ജാതിയും മതവും വേണ്ട-റസൂല്‍ പൂക്കുട്ടി പറഞ്ഞു.

റിട്ട.ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തെ തുടര്‍ന്ന് മൃദംഗ ശൈലേശ്വരി  ക്ഷേത്രത്തില്‍ ഭക്തജന തിരക്കേറുകയാണ്.അഭിമുഖം സോഷ്യല്‍മീഡിയലും മറ്റും പ്രചരിച്ചതോടെയാണ്  സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി ഭക്തര്‍ എത്തുന്നത്. പരശുരാമന്‍ പ്രതിഷ്ഠിച്ച 108 ദുര്‍ഗാക്ഷേത്രങ്ങളില്‍ ഒന്നാണ് മൃദംഗ ശൈലേശ്വരി ക്ഷേത്രമെന്നാണ് ഐതിഹ്യം. പഴശിരാജാവിന്റെയും കോട്ടയം രാജവംശത്തിന്റെയും ആരാധനകേന്ദ്രമായിരുന്ന ഇവിടെയാണ് കഥകളി രൂപംകൊണ്ടത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1993ല്‍ നാഷണല്‍ ജിയോളജിക്കല്‍ ട്രസ്റ്റിന് കീഴില്‍ ക്ഷേത്രത്തെ കൊണ്ടുവന്നിരുന്നു.

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മലബാര്‍ ദേവസ്വം പ്രസിഡന്റ് സജീവ് മാറോളി അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് ഏരിയാ ചെയര്‍മാന്‍ എം.പി. ഉണ്ണികൃഷ്ണന്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.വി.അശോകന്‍, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ്, ഡോ. ടി. രാമരാജന്‍, രാധാകൃഷ്ണന്‍ കൈലാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദേവസ്വം പ്രസിഡന്റ് സജീവ് മാറോളി റസൂല്‍ പൂക്കുട്ടിയെ പൊന്നാട അണിയിച്ചു.ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം റസൂല്‍ പൂക്കുട്ടി നിര്‍വഹിച്ചു. തുടര്‍ന്ന് വിവിധ സ്കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.

Related posts