വിലയിടിഞ്ഞു; മൂന്നര ഏക്കറില്‍ നട്ടുവളര്‍ത്തിയ കറിവെള്ളരി വെറുതെ കൊടുക്കാനൊരുങ്ങി കര്‍ഷകന്‍

ekm-vellariആലുവ: കാര്‍ഷിക വിപണിയില്‍ വിലയിടിവു മൂലം മൂന്നര ഏക്കറിലെ കറിവെള്ളരി സൗജന്യമായി നല്‍കാനൊരുങ്ങി കര്‍ഷകന്‍. സൗത്ത് അടുവാശേരി മാലേടത്തുപ്പറമ്പില്‍ സുഗതനാണ് ആവശ്യക്കാര്‍ക്ക് വെള്ളരി കൊടുക്കാന്‍ ഒരുങ്ങുന്നത്. 35 വര്‍ഷമായി കാര്‍ഷിക രംഗത്തുള്ള സുഗതന്റെ ജീവിതത്തിലെ ആദ്യ ദുരനുഭവമാണിത്.

പാട്ടത്തിനെടുക്കുന്ന ഭൂമിയില്‍ വിവിധതരം വാഴകള്‍, അച്ചിങ്ങ, വെണ്ടയ്ക്ക, ചീര, കുമ്പളം, മത്തന്‍ തുടങ്ങി നിരവധി പച്ചക്കറി വിഭവങ്ങളും കൃഷിചെയ്യാറുണ്ട്. എന്നാല്‍ 35 വര്‍ഷത്തിനിടയില്‍ ഇപ്പോഴാണ് കാര്‍ഷിക വിപണി ഇത്രയും മോശമായതെന്നാണ്  ഈ കര്‍ഷകന്റെ അഭിപ്രായം. സൗത്ത് അടുവാശേരിയിലും തൊട്ടടുത്ത പ്രദേശത്തുമായി മൂന്നര ഏക്കറില്‍ എട്ടു ജോലിക്കാരെ കൊണ്ടാണ് ഇത്തവണ കറിവെള്ളരി കൃഷിയിറക്കിയത്.

വിപണിയിലെ കടുത്ത മാന്ദ്യം മൂലം വിളവെടുപ്പു നടത്താനാവാത്ത സ്ഥിതിയിലാണ് സുഗതന്‍. വിളവെടുപ്പിന് 15 ദിവസത്തിലേറെ പിന്നിട്ടിട്ടും വെള്ളരിക്ക് ആവശ്യക്കാര്‍ ഇല്ലാതായതോടെ വിളവെടുപ്പ് നടത്താന്‍ കഴിഞ്ഞിട്ടില്ല. കാശുമുടക്കി ഉത്പാദിപ്പിച്ച വെള്ളരി നശിച്ചുപോകുമെന്ന അവസ്ഥ വന്നതോടെയാണ് ആവശ്യക്കാര്‍ക്ക് ഇതു സൗജന്യമായി നല്‍കാന്‍ സുഗതന്‍ തീരുമാനിച്ചത്. ആനകള്‍ക്ക് രുചികരമായ വിഭവമായതിനാല്‍ ശേഷിക്കുന്ന വെള്ളരി ഗുരുവായൂരിലെ ആനകള്‍ക്ക് സൗജന്യമായി എത്തിച്ചുകൊടുക്കാനാണ് ഈ കര്‍ഷകന്റെ തീരുമാനം.

Related posts