നേമം: ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീടിന് മുകളില്‍ പതിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാപ്പനംകോട് സത്യന്‍നഗര്‍ സുരേഷ്കുമാറിന്റെ പെരുമ്പുഴകോട്ടുകോണം പുത്തന്‍വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ നാലരയോടെ തെങ്ങ് വീണത്. ഏകദേശം രണ്ട് ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. സുരേഷ്കുമാറിന്റെ സഹോദരി മോളിയും മകന് കാര്‍ത്തിക്കും അച്ഛന് തമ്പിയുമാണ് വീട്ടിലുണ്ടായിരുന്നത്. തെങ്ങ് വീണ് ഷീറ്റ് മേഞ്ഞ വീടിന്റെ മണ്‍ചുമരുകള്‍ നിലംപൊത്തി. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന മോളിയുടെ സമീപത്താണ് ചുമരിടിഞ്ഞ് വീണത്. വീട്ടുസാധനങ്ങളും പാത്രങ്ങളും മറ്റും നശിച്ചു. ഉച്ചയ്ക്ക് ശേഷം ചെങ്കല്‍ചൂളയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘമാണ് തെങ്ങ് വീടിനുമുകളില്‍ നിന്നും മുറിച്ചു മാറ്റിയത്.
വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണു: ഉറങ്ങിക്കിടന്നവര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
