ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി വയറിനുള്ളില്‍ കുടുങ്ങി വീട്ടമ്മ മരിച്ച സംഭവം;മൃതദേഹവുമായി ബന്ധുക്കള്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ പ്രതിഷേധിച്ചു

ktm-ambulance അടൂര്‍: ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി (മോപ്പ്) വയറിനുള്ളില്‍ കുടുങ്ങി  വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധിച്ച് അടൂര്‍ ജനറല്‍ ആശുപത്രിക്കു മുമ്പില്‍ സമരം. പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളി (47)യാണ് മരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയമായ അമ്പിളിയാണ് അണുബാധയേറ്റു മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹവുമായി ബന്ധുക്കള്‍ അടൂരിലെത്തിയതോടെയാണ് സമരങ്ങള്‍ അരങ്ങേറിയത്. രാവിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആശുപത്രിപടിക്കല്‍ ധര്‍ണ നടന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരം ഡിസിസി സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന സമരം ബിജെപി ജില്ലാ സെക്രട്ടറി എം.ജി. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു.

മൃതദേഹവുമായി ആംബുലന്‍സ് എത്തിയതോടെയാണ് ഡിവൈഎഫ്‌ഐ സമരവുമായി എത്തിയത്. പി.ബി. ഹര്‍ഷകുമാര്‍, ഡിവൈഎഫ്‌ഐ നേതാക്കളായ വികാസ് ടി.നായര്‍, ശ്രീനി എസ്. മണ്ണടി, അനീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഡിവൈഎഫ്‌ഐക്കാര്‍ സമരം നടത്തിയത്.

Related posts