ഇരിക്കൂര്‍: വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ വായിച്ചിരുന്നുവെങ്കില്‍ നാഗസാക്കിയില്‍ അമേരിക്ക ബോംബിടില്ലായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദന്. ശാസ്ത്രത്തിന് ഹൃദയമില്ല. എന്നാല്‍ സാഹിത്യം എന്നും മനുഷ്യപക്ഷത്താണെന്നും കണ്ണൂര്‍ റബ്കോ ഓഡിറ്റോറിയത്തില്‍ ഇരിക്കൂര്‍ സിബ്ഗ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ലിറ്ററേച്ചര്‍ ക്ലബ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സാഹിത്യകൃതികള്‍ വായിക്കുന്ന ഒരാള്‍ക്കും ഗോവിന്ദച്ചാമിയാകാനാവില്ല. ജിഷയെ കൊലപ്പെടുത്താനുമാകില്ല. ശാസ്ത്രത്തിന് ഹൃദയമില്ലാതിരിക്കുമ്പോള് സാഹിത്യത്തിന് അതുണ്ട്. അതുകൊണ്ടാണ് വിദേശത്ത് പ്രശസ്തമായ മെഡിക്കല്‍ കോളജുകളില്‍ സാഹിത്യം ഒരു വിഷയമാക്കിയത്. മൂത്രപ്പുരകള്‍ പോലുമില്ലാത്ത കോളജുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ചില കോളജുകള്‍ വിദേശത്തുള്ള സര്‍വകലാശാലകളുടെ നിലവാരം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പിജി വിദ്യാര്‍ഥിനി അഞ്ജലി പിണറായിയുടെ കവിതാ സമാഹാരമായ നീര്‍ക്കുമിള പ്രകാശനവും മുകുന്ദന് നിര്‍വഹിച്ചു. കോളജ് മാനേജര്‍ എം.വി. നവാസ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജയേഷ്, കെ.പി. ലീന, റബ്കോ എംഡി ഹരിദാസന്, മലയാളവിഭാഗം അസിസ്റ്റന്റ് പ്രഫ. എം.പി. പ്രസീത, അസിസ്റ്റന്റ് പ്രഫ. പ്രതിഷ എന്നിവര്‍ പ്രസംഗിച്ചു.