വെഞ്ഞാറമൂട്: അന്യ ജീവന്‍ സംരക്ഷിക്കുവാന്‍ സ്വന്തം അവയവം പകുത്തു നല്‍കിയ ലേഖ എം. നമ്പൂതിരിയ്ക്കു പുതുജീവനേകിയത് തിരുവനന്തപുരത്തെ വ്യാപാരിയായ സജി നായര്‍.കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നട്ടെല്ലിന്റെ ശസ്ത്രക്രിയയ്ക്കു വിധേയയായ മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം അശ്വതിയില്‍ ലേഖ എം. നമ്പൂതിരിയുടെ ചികിത്സാ ചെലവുകള്‍ മുഴുവന്‍ വഹിച്ചത് തിരുവനന്തപുരം ഹീരാ ഗോള്‍ഡന്‍ ഹില്‍സില്‍ താമസക്കാരനും വെഞ്ഞാറമൂട്, കാരേറ്റ് എന്നിവിടങ്ങളിലുള്ള സ്റ്റീല്‍ ഇന്ത്യ എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറുമായ സജി നായരാണ്.
ലേഖാ എം. നമ്പൂതിരിയുടെ ദുരിതാവസ്ഥയുമായി ബന്ധപ്പെട്ട് ദീപിക, രാഷ്ട്രദീപിക എന്നിവയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളെ തുടര്‍ന്നാണ് സജി നായര്‍ സഹായഹസ്തവുമായി രംഗത്തെത്തിയത്. പ്രതിഫലേച്ഛയില്ലാതെ സ്വന്തം അവയവം പകുത്തു നല്‍കിയ വീട്ടമ്മയ്ക്കു ദുരിതം വന്നപ്പോള്‍ അവരെ സഹായിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് താന്‍ ലേഖാ നമ്പൂതിരിയ്ക്ക് സഹായമേകിയതെന്ന് സജി നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
അപകടത്തില്‍പ്പെട്ട് കാല്‍മുട്ടിനേറ്റ പരിക്കുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായിരിക്കുകയാണ് സജി നായരും. ഇതിനിടയിലാണ് ലേഖാ നമ്പൂതിരിയുടെ ദുരിതാവസ്ഥ വായിച്ചറിഞ്ഞത്. സര്‍ക്കാരും പ്രമുഖ വ്യക്തികളുമൊക്കെ സഹായ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയുടെയും അനുബന്ധമായുണ്ടാകുന്ന ചെലവുകളും സജി നായരാണ് നല്‍കിയത്.
ഇതേ സമയം കോഴിക്കോട് മലബാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ പ്രമുഖ നട്ടെല്ല് രോഗ വിദഗ്ദ്ധനായ ഡോ. സുരേഷ് പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രി വാര്‍ഡിലെത്തിയ ലേഖാ എം നമ്പൂതിരി തനിയ്ക്കു കാരുണ്യത്തിന്റെ ഹസ്തവുമായെത്തിയ സജി നായരെ നേരിട്ടു കാണുവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുന്ന സജി നായര്‍ക്ക് ലേഖയെ സന്ദര്‍ശിക്കാനായില്ല. അടുത്ത ദിവസം തന്നെ ലേഖയെ ആശുപത്രിയിലോ വീട്ടിലോ പോയി താന്‍ കാണുമെന്ന് സജി നായര്‍ പറഞ്ഞു. നേരിട്ട് കണ്ടിട്ടില്ലെങ്കില്‍ പോലും ലേഖയുടെ ആരോഗ്യത്തിനായി തന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥന ഉണ്ടാകുമെന്നും സജി പറഞ്ഞു.