മൂവാറ്റുപുഴ: സിവില്‍ സര്‍വീസ് അക്കാഡമികളുടെ കൂടുതല്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ സംസ്ഥാനത്ത് നിന്നുള്ള സിവില്‍ സര്‍വീസ് സെലക്ഷനുകളില്‍ വര്‍ധനവുണ്ടായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂവാറ്റുപുഴ ഐഎഎസ് അക്കാഡമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാണ്. ചെറുപട്ടണങ്ങളില്‍ സെന്ററുകള്‍ അനുവദിക്കുന്നത് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.
യോഗത്തില്‍ ജോസഫ് വാഴയ്ക്കന് എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, നഗരസഭ മുന്‍ ചെയര്മാന് എ. മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പ്രമീള ഗിരീഷ്കുമാര്‍, സിഡ്കോ ബോര്‍ഡംഗം കെ.എം. അബ്ദുള്‍ മജീദ്, മൂവാറ്റുപുഴ ഗവണ്മെന്റ് എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ പി.എന്‍. വിജി, വിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സുനിത രമേശ്, നഗരസഭാംഗം ജിനു ആന്റണി, അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ പി.കെ. ശങ്കരന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാന തുടര്‍വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ ഡോ. ഗിരീഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസഫ് വാഴയ്ക്കന് എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നു 1.20 കോടിയും സംസ്ഥാന തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തില്‍ നിന്നു 30 ലക്ഷവും ഉള്‍പ്പെടെ 1.50 കോടി ചെലവഴിച്ചാണ് മൂവാറ്റുപുഴ മോഡല്‍ ഗവണ്മെന്റ് എച്ച്എസ്എസ് കോമ്പൗണ്ടിലെ 20 സെന്റ് സ്ഥലത്ത് രണ്ടുനിലകളിലായി അക്കാഡമി കെട്ടിടം നിര്‍മിച്ചത്. വെര്‍ച്വല്‍ ക്ലാസ് മുറികളുള്‍പ്പെടെ അത്യാധുനിക സൗകര്യത്തോടെയാണ് അക്കാഡമി പൂര്‍ത്തീകരിച്ചിരിക്കുന്നത്.
കോട്ടയത്തുനിന്നും ഹെലികോപ്ടറിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തിയത്. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഇറങ്ങിയ മുഖ്യമന്ത്രി ജോസഫ് വാഴയ്ക്കാന്‍ എംഎല്‍എയുടെ കാറില്‍ സമ്മേളന നഗരിയിലേക്ക് വരുന്നതിനിടെ കാത്തുനിന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി.