ന്യൂഡല്‍ഹി: സീറ്റു ചര്‍ച്ചയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും സുധീരനും ഉമ്മന്‍ ചാണ്ടിയും തയാറാകാത്തതോടെ കോണ്‍ഗ്രസ് അന്തിമപട്ടികയില്‍ തീരുമാനമായില്ല. മന്ത്രിമാരായ അടൂര്‍ പ്രകാശിനെയും കെ.ബാബുവിനെയും ഒഴിവാക്കുന്ന കാര്യം ചിന്തിക്കുകപോലും വേണ്ടെന്ന നിലപാടിലാണ് ഉമ്മന്‍ ചാണ്ടി. ഇവരെ ഒഴിവാക്കിയാല്‍ താനും മത്സരിക്കാനില്ലെന്ന കടുത്ത നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചുകഴിഞ്ഞു.
വി.എം. സുധീരന് മത്സരിക്കുകയും മുന്നില്‍നിന്നു മത്സരിക്കുകയും ചെയ്യട്ടെ എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അതേസമയം, അഴിമതി ആരോപിതരായവര് മാറി നില്‍ക്കണമെന്ന നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്റെ നിലപാട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിവരെ ഇടപെട്ടിട്ടും യാതൊരു വിട്ടുവീഴ്ചയ്ക്കും ഇരു പക്ഷവും തയാറായിട്ടില്ല. സ്ക്രീനിംഗ് കമ്മിറ്റിയുടെ യോഗം രാവിലെ ഡല്‍ഹിയില്‍ തുടങ്ങിയിട്ടുണ്ട്.
സ്ക്രീനിംഗ് കമ്മിറ്റിയും തുടര്‍ന്നു തെരഞ്ഞെടുപ്പു കമ്മിറ്റിയും (സിഇസി) വീണ്ടും ചേര്‍ന്ന് വൈകുന്നേരത്തോടെ മുഴുവന്‍ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ഇന്നലെ രാത്രി സിഇസി യോഗത്തിനുശേഷം കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് അറിയിച്ചിരുന്നു.
ആറു സീറ്റുകളിലെ തര്‍ക്കപരിഹാരം നീണ്ടതിനാല്ലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീട്ടിയത്. കോണ്‍ഗ്രസിന്റെ 82-ല്‍ അറുപതു സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ക്കു സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സിഇസി അംഗീകാരം നല്കി. സിറ്റിംഗ് എംഎല്‍എമാരുടെ കോന്നി, തൃപ്പൂണിത്തുറ, തൃക്കാക്കര, കൊച്ചി, ഇരിക്കൂര്‍, കണ്ണൂര്‍ സീറ്റുകളിലാണു തര്‍ക്കം തുടര്‍ന്നത്. ഇതിനു പുറമേ വൈപ്പിനിലും കൊല്ലം ജില്ലകളിലെ സീറ്റുകളിലും തര്‍ക്കമുണ്ട്. പൂഞ്ഞാറും കുട്ടനാടും അടക്കം കേരള കോണ്‍ഗ്രസ്- എമ്മിന്റെ 15 സീറ്റുകളും അവര്‍ക്കുതന്നെ നല്കി.
അങ്കമാലിക്കു പകരം
ജേക്കബ് ഗ്രൂപ്പ് നേതാവ് ജോണി നെല്ലൂരിനുവേണ്ടി അങ്കമാലി അല്ലാതെ മറ്റൊരു സീറ്റ് നല്കാനാകുമോ എന്ന് ഇന്നു പരിശോധിക്കും. മുസ്ലിം ലീഗും ജെഡിയുവും ആയുള്ള ചര്‍ച്ച പൂര്‍ത്തിയാകാത്തതിനാല്‍ കൊല്ലം ജില്ലയിലെ സീറ്റുകളില്‍ ഇന്നു രാവിലെ മാത്രമേ സ്ക്രീനിംഗ് കമ്മിറ്റി തീരുമാനമെടുക്കൂ. കേരള കോണ്‍ഗ്രസ്-എം, ആര്‍എസ്പി എന്നീ പാര്‍ട്ടികളുമായി തര്‍ക്കം ശേഷിക്കുന്നില്ലെന്നാണു കോണ്‍ഗ്രസ് പറയുന്നത്.
ഇന്നലെ രാവിലെ സുധീരനുമായും പിന്നീട് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും രാഹുല്‍ ഗാന്ധി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വയലാര്‍ രവി, പി.സി. ചാക്കോ, കെ.സി. വേണുഗോപാല്‍, ശശി തരൂര്‍, കെ. സുധാകരന്, ഡീന്‍ കുര്യാക്കോസ് എന്നിവരുമായി രാഹുല്‍ ചര്‍ച്ച നടത്തി.
പ്രിയങ്ക ഗാന്ധി ഈ സമയം രാഹുലിന്റെ വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുത്തില്ല. കേരള നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തുന്നതിനിടെ സോണിയയും രാഹുലിന്റെ വീട്ടിലെത്തി. എ.കെ. ആന്റണിയുമായി സുധീരന് ഒറ്റയ്ക്കും, ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചും ഇതിനു മുമ്പു ചര്‍ച്ച നടത്തിയിരുന്നു. മറ്റു കേരള നേതാക്കളും ആന്റണിയുമായി ഉച്ചവരെ ചര്‍ച്ചകള്‍ നടത്തി.