തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ വരവേല്‍ക്കാന്‍ തൃശൂര്‍ ഒരുങ്ങി. ഇന്നുവൈകീട്ട് തൃശൂരിലെത്തുന്ന സോണിയാഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള ഫ്‌ളെക്‌സുകളും കൊടിതോരണങ്ങളും കൊണ്ട് തൃശൂര്‍ നഗരവും തേക്കിന്‍കാട് മൈതാനിയും നിറഞ്ഞുകഴിഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും തൃശൂരിലെത്തുന്നുണ്ട്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സോണിയ എത്തുന്നതോടെ ആവേശത്തിലാകും.
ജില്ലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെല്ലാം ഇന്നത്തെ യോഗത്തില്‍ സംബന്ധിക്കും. ഇവരെയെല്ലാം സോണിയാഗാന്ധി പരിചയപ്പെടും. മുഖ്യമന്ത്രിക്ക് പുറമെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണിയും, എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും മന്ത്രി സി.എന്‍.ബാലകൃഷ്ണനുമടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
മുപ്പതിനായിരത്തോളം പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. സോണിയാഗാന്ധി പ്രസംഗിക്കുന്ന വിദ്യാര്‍ഥി കോര്‍ണറിന്റെ പരിസരം മുഴുവന്‍ എസ്പിജി കമാന്‍ഡോസ് അടക്കമുള്ളവരുടെ നിയന്ത്രണത്തിലാണ്. നഗരത്തിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു തുടങ്ങി. ഇതോടെ നഗരത്തിന്റെ പലഭാഗങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. കുടിവെള്ളമടക്കമുള്ള സൗകര്യങ്ങളും വൈദ്യസഹായങ്ങളും എല്ലാം സമ്മേളനനഗരിയില്‍ ഒരുക്കിയിട്ടുണ്ട്.