വിതുര: അരുവിക്കര നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ഓട്ടപ്രദക്ഷിണത്തിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന് ബോണക്കാട് മലകയറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. തൊഴിലാളി ലയങ്ങളിലെത്തിയ സ്ഥാനാര്‍ഥികള്‍ക്ക് ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. തങ്ങള്‍ക്കുലഭിച്ച ആനുകൂല്യങ്ങള്‍ക്ക് നന്ദിപറയുന്നതോടൊപ്പം ദുരിതങ്ങളും തൊഴിലാളികള്‍ ശബരിയുമായി പങ്കുവച്ചു. പിന്നീട് ചാത്തന്‍കോട് ആദിവാസി കോളനികളിലും തൊളിക്കോട് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും ശബരി പര്യടനം നടത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ.എ റഷീദ് അരുവിക്കര പഞ്ചായത്തില്‍ ഗൃഹസന്ദര്‍ശനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. വീട്ടമ്മമാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ച റഷീദ് ഇന്ന് ആര്യനാട്, പൂവച്ചല്‍ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. റഷീദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മേയ് മൂന്നിന് രാവിലെ ഒമ്പതിന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അരുവിക്കരയില്‍ പ്രസംഗിക്കും.
ബിജെപി സ്ഥാനാര്‍ഥി രാജസേനന് ഇന്നലെ അരുവിക്കര പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കവലസന്ദര്ശനം നടത്തി വോട്ടഭ്യര്‍ഥിച്ചു. ഇതിനുപുറമെ സംഘടിപ്പിച്ച വനിതകളുടെ യോഗങ്ങളിലും സ്ഥാനാര്‍ഥി പ്രസംഗിച്ചു. ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണാര്‍ഥം ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ നാളെ ആര്യനാട് എത്തും.