ആലപ്പുഴ: കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കിടെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ പി. കൃഷ്ണപിള്ള സ്മാരകത്തില്‍ ചേരുന്ന സെക്രട്ടേറിയറ്റില്‍ ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായേക്കും. സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ കാലതാമസം മറ്റു പല ആക്ഷേപങ്ങള്‍ക്കും വഴി വയ്ക്കുന്നുവെന്നതിനാല്‍ അടിയന്തിരമായി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശം പാര്‍ട്ടി പോളിറ്റ് ബ്യൂറോ സംസ്ഥാന നേതൃത്വത്തിന് നല്കിയിരുന്നു.
ഈ സാഹചര്യത്തില്‍ ജില്ലയിലെ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയം ഇനിയും വലിച്ചുനീട്ടാന്‍ സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല. കായംകുളത്ത് സിറ്റിംഗ് എംഎല്‍എയും വിഎസ് പക്ഷത്തെ ശക്തനായ നേതാവുമായ സി.കെ. സദാശിവനെ തെരഞ്ഞെടുപ്പ് മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കാനും ചെങ്ങന്നൂര്‍ സി.എസ്. സുജാതയ്ക്ക് സീറ്റു നിഷേധിക്കുകയും ചെയ്തതോടെയാണ് വി.എസ്. ഐസക് പക്ഷവും ഔദ്യോഗിക പക്ഷത്തിലെ ഒരു വിഭാഗവും ചേര്‍ന്ന് പ്രതിഷേധമുയര്‍ത്തിയത്. ജില്ലാ നേതൃത്വത്തിന്റെ നടപടിയ്‌ക്കെതിരെ പ്രാദേശിക വികാരവും ഉയര്‍ന്നതോടെ ഇരു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായി. ഇതിനിടയില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രജനി ജയദേവിന്റെ പേരും സ്ഥാനാര്‍ഥി പട്ടികയില്‍ ഉയര്‍ന്നുവന്നുവെങ്കിലും പ്രതിഷേധം ശക്തമായതോടെ ഈ പേര് ജില്ലാ നേതൃത്വത്തിന് പിന്‍വലിക്കേണ്ട സാഹചര്യം ഉരുത്തിരുന്നിരുന്നു.
ഇതിനിടയില്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ള വനിതയെ മത്സരിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. സംസ്ഥാന നേതൃത്വം ഇന്ന് മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ഥിയുടെ പേര് യോഗത്തില്‍ അവതരിപ്പിക്കുകയും ഇത് സമവായത്തിലൂടെ അംഗീകരിപ്പിക്കാനുള്ള ശ്രമമാകും നടക്കുക. ചെങ്ങന്നൂരിലും ഇതിനിടയില്‍ നിരവധിപ്പേരുകള്‍ സ്ഥാനാര്‍ഥികളുടെതായി ഉയര്‍ന്നുവന്നെങ്കിലും അന്തിമ തീരുമാനമായില്ല. വി.എസ്. പക്ഷത്തെ നേതാവായ കെ.കെ. രാമചന്ദ്രന്‍ നായരുടെ പേര് സ്ഥാനാര്‍ഥിയായി ജില്ലാ സെക്രട്ടറി പൊതുവേദിയില്‍ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. വിജയസാധ്യത കണക്കിലെടുത്ത് പാര്‍ട്ടി സെക്രട്ടറിമാര്‍ മത്സരിക്കേണ്ടെന്ന മാനദണ്ഡത്തില്‍ സജി ചെറിയാന് ഇളവ് നല്കി സ്ഥാനാര്‍ഥിയാകുമെന്നാണ് ഔദ്യോഗിക വിഭാഗത്തിന്റെ പ്രതീക്ഷ.