സ്വദേശാഭിമാനിയുടെ വിയോഗത്തിന് ഒരു നൂറ്റാണ്ട് തികഞ്ഞു

tvm-dhshabimaniഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: അനീതിക്കും അഴിമതിക്കുമെതിരെ അക്ഷരം ആയുധമാക്കിയ ആജീവനാന്ത പത്രപ്രവര്‍ത്തകന്‍ സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള തന്റെ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയിട്ട് ഇന്ന് ഒരു നൂറ്റാണ്ട് തികഞ്ഞു. ക്ഷയരോഗബാധിതനായി 1916 മാര്‍ച്ച് 28 ന് കണ്ണൂരിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അന്നൊരു കറുത്ത ചൊവ്വാഴ്ചയായിരുന്നു. പൊതുജീവിതശുദ്ധീകരണം മുന്‍നിറുത്തി നടത്തിയ പോരാട്ടത്തിന് നാടു കടത്തല്‍ പ്രതിഫലമായി ലഭിച്ച ഒരു ധീരദേശാഭിമാനി അന്ത്യയാത്ര ചൊല്ലിയ ദിനം. പത്രപ്രവര്‍ത്തനം നിയോഗമായിരുന്ന സ്വദേശാഭിമാനി ജന്മനാടിന്റെ അതിര്‍ത്തി കടന്ന് ജീവിച്ചത് കേവലം ആറു വര്‍ഷങ്ങള്‍. ഓരോ ദിവസം കഴിയുന്തോറും ശരീരം ക്ഷയരോഗത്താല്‍ കൂടുതല്‍ ക്ഷീണിതമായിക്കൊണ്ടിരുന്നു. എങ്കിലും, മനസ് തളര്‍ന്നില്ല. ഒടുവില്‍ തന്റെ ഫൗണ്ടന്‍ പേന, തുകല്‍സഞ്ചി, പെന്‍സിലുകള്‍ എന്നിവ മക്കള്‍ക്കുള്ള പിതൃസ്വത്തായി സമ്മാനിച്ച്, ഓര്‍മകളെ ഭൂമിയില്‍ അവശേഷിപ്പിച്ച് ആ ഹൃദയം നിലച്ചു.

തിരുവിതാംകൂറില്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിച്ചത് സ്വദേശാഭിമാ നിയായി രുന്നുവെന്നതും ചരിത്രം. നെയ്യാറ്റിന്‍കര കോട്ടയ്ക്കകത്ത് മുല്ലപ്പള്ളി ഭവനത്തില്‍ നരസിംഹന്‍പോറ്റിയുടെയും അതിയന്നൂര്‍ കൂടില്ലാവീട് കുടുംബാംഗമായ ചക്കിയമ്മയുടെയും മകന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ നെയ്യാറ്റിന്‍കര കോടതിയിലെ കൈക്കൂലിക്കാരനായ മുന്‍സിഫിനെതിരെ വര്‍ത്തമാനപത്രത്തില്‍ കുറിപ്പ് എഴുതി. കോളജ് വിദ്യാര്‍ഥിയായപ്പോഴേയ്ക്കും ഒരു പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചു. രാമകൃഷ്ണപിള്ളയെ തേടി സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപര്‍ സ്ഥാനം എത്തിയത് 1906 ജനുവരിയിലാണ്. വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സ്വദേശാഭിമാനി പത്രം. ഗര്‍ഹ്യമായ നടത്ത, യുക്തിഭ്രമങ്ങള്‍, കൈക്കൂലിപ്പിശാചിന്റെ വിക്രിയകള്‍, തിരുവിതാംകൂറിലെ അഴിമതികള്‍ മുതലായ മുഖപ്രസംഗങ്ങള്‍ അന്നത്തെ ദിവാന്‍ പി. രാജഗോപാലാചാരിയെയും അഴിമതിക്കാരായ രാജസേവകന്മാരെയും പ്രകോപിപ്പിച്ചു.

ദിവാന്റെയും കൂട്ടരുടെയും അപ്രീതിക്കിടയാക്കിയ സ്വദേശാഭിമാനിയിലെ ഈ മുഖപ്രസംഗങ്ങളെത്തുടര്‍ന്ന് തിരുവിതാംകൂറിന്റെ അതിര്‍ത്തിയായ ആരുവാമൊഴിക്കപ്പുറത്തേയ്ക്ക് രാമകൃഷ്ണപിള്ള നാടു കടത്തപ്പെട്ടു. മദിരാശി, കുന്നംകുളം, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൂടെ അദ്ദേഹം കുടുംബസമേതം കണ്ണൂരിലെത്തിച്ചേര്‍ന്നു. ഇതിനോടകം അദ്ദേഹം ക്ഷയരോഗബാധിതനായി കഴിഞ്ഞു. വരുംതലമുറകള്‍ക്ക് സ്വദേശാഭിമാനിയെ ഓര്‍മിക്കാന്‍ അധികാരികള്‍ ഗൗരവമായി യാതൊന്നും ഒരുക്കിയിട്ടില്ലായെന്നത് ദു:ഖകരമായ യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ ജനന, മരണ വാര്‍ഷിക ദിനങ്ങളിലും നാടു കടത്തല്‍ വാര്‍ഷിക ദിവസത്തിലും വിവിധ സംഘടനകളുടെ പേരില്‍ അനുസ്മരണ പരിപാടികള്‍ നടക്കാറുണ്ട്. എല്ലാം പേരിനു മാത്രം. സ്വദേശാഭിമാനി പാര്‍ക്കിലെ അര്‍ധകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന, സമീപത്തു നിന്നു തന്നെ അനുസ്മരണ പ്രഭാഷണം.

മാധ്യമങ്ങളില്‍ അടുത്ത ദിവസം സ്വന്തം പേരുകള്‍ അച്ചടിച്ചു വരുത്തുന്നതിനായുള്ള പ്രഹസനങ്ങള്‍ മാത്രമായി ഇതൊക്കെ ഇന്നും മുറ തെറ്റാതെ തുടരുന്നു. നാടു കടത്തല്‍ വാര്‍ഷികം ആഘോഷപൂര്‍വം കൊണ്ടാടിയ ചരിത്രമാണ് നെയ്യാറ്റിന്‍കര നഗരസഭയുടേത്. ഓര്‍മിക്കാതിരിക്കുന്നതാണ് അതിനെക്കാള്‍ നല്ലതെന്ന് നാട്ടുകാര്‍ പറയുന്നു. അതിയന്നൂരിലെ അദ്ദേഹത്തിന്റെ മാതൃ ഗൃഹമായ കൂടില്ലാ വീട് നാശോന്മുഖ മായിക്കൊണ്ടിരിക്കുന്ന ദയനീയാവസ്ഥ രാഷ്ട്രദീപിക ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചലച്ചിത്രതാരം സുരേഷ്‌ഗോപി  വീടിന്റെ നവീകരണത്തിന് സന്നദ്ധനാവുകയും കൂടില്ലാ വീട് സ്ഥിതി ചെയ്യുന്ന ഭൂമി വിലയ്ക്കു വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറുകയും ചെയ്തു.  സ്വദേശാഭിമാനി സ്മാരകം എന്നതിനോടൊപ്പം മാധ്യമവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കുമെല്ലാം പ്രയോജനപ്പെടുന്ന വിധത്തില്‍ കൂടില്ലാ വീടിന് പുതിയ മുഖം അധികം വൈകാതെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികളും സ്വദേശാഭി മാനിയുടെ ആരാധകരും.

Related posts