സ്‌ഫോടനം: വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

KKD--BOMBPOLICEനാദാപുരം: പുറമേരിക്കടുത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഗൃഹനാഥന്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിടിയപാറ റോഡില്‍ തൈക്കണ്ടി മുക്കിലെ ചുണ്ടര്‍കണ്ടിയില്‍ രാമത്ത് കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സ്റ്റീല്‍ ബോംബ് പൊട്ടിയത്. കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് സ്റ്റീല്‍ കണ്ടെയ്‌നര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഗൃഹനാഥനെത്തി തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാത്തതിനാല്‍ വലിച്ചെറിഞ്ഞപ്പോഴാണ് പോട്ടിത്തെറിച്ചത്.

കുഞ്ഞബ്ദുല്ല നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. സാരമായി പരുക്കേല്‍ക്കാനും ജീവന്‍തന്നെ അപകടത്തിലാകാനും ശേഷിയോടു കൂടിയുള്ളതായിരുന്നു ഈ സ്റ്റീല്‍ ബോംബ്. ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം. കുഞ്ഞബ്ദുള്ളയുടെ പെണ്‍മക്കളാണ് രാവിലെ വീട്ടുമുറ്റത്ത് ഗേറ്റിനോട് ചേര്‍ന്ന് ചെറിയ സ്റ്റീല്‍ കണ്ടെയ്‌നര്‍ കണ്ടത്. മേഖലയുടെ പല ഭാഗത്തും അലക്ഷ്യമായി ബോംബ് കൊണ്ടിടുന്നത് ഏറെ ഭീഷണിയായിട്ടുണ്ട്.

ഒന്നും അറിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ പെരുമാറുന്ന സ്ഥലങ്ങളില്‍പോലും ബോംബ് സൂക്ഷിക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ബാലിക ബോംബിനാല്‍ ജീവന്‍ നഷ്ടപ്പെട്ട മേഖല കൂടിയാണ് നാദാപുരം. ഇന്നലെയുണ്ടായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Related posts