ആർലിംഗ്ടൻ (ടെക്സസ്): നായയെ ഉതിർത്ത തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റു ഉറങ്ങിക്കിടന്ന യുവതി മരിച്ച കേസിൽ പോലീസ് ഓഫീസർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു.
പരിശോധനയ്ക്കെത്തിയ ആർലിംഗ്ടൻ പോലീസ് ഓഫീസർക്കു നേരെ വന്ന നായയെ ഉന്നം വച്ച വെടിയുണ്ട ഉറങ്ങി കിടന്നിരുന്ന യുവതിയുടെ ദേഹത്തുകൊണ്ടാണു മരണം സംഭവിച്ചത്.
കേസിൽ ഇന്ത്യൻ അമേരിക്കൻ വംശജനും, ആർലിംഗ്ടൻ പോലീസ് ഓഫീസറുമായിരുന്ന രവിസിംഗിനെതിരെയാണു കൊലകുറ്റത്തിന് കേസെടുത്തത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. മുറ്റത്തെ പുൽതകിടിയിൽ ആരോ വീണു കിടക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് രവിസിംഗ് പരിശോധിനയ്ക്കായി എത്തിയത്.
ഇതേ സമയം അഴിച്ചുവിട്ടിരുന്ന നായ രവിസിംഗിനെതിരെ കുരച്ചുകൊണ്ട് ചാടിവീണു. നായക്കു നേരെ നിരവധി തവണ വെടിയുതിർക്കുന്നതിനിടയിൽ ആരുടേയോ നിലവിളി കേട്ടു. വെടിയേറ്റത് പുൽതകിടിയിൽ ഉറങ്ങികിടന്നിരുന്ന മേഗി ബ്രൂക്കറുടെ ദേഹത്തായിരുന്നു.
അവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്നു കുട്ടികളുടെ മാതാവായിരുന്നു മേഗി. നായ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം രവിസിംഗ് ജോലി രാജിവച്ചു.
മരിച്ച മകൾക്കു നീതി കിട്ടുന്നതിനുള്ള ആദ്യ പടിയാണിതെന്നു മേഗിയുടെ പിതാവ് പറഞ്ഞു. സ്വയരക്ഷക്കു വെടിയുതിർക്കുന്നതിനുള്ള അവകാശം ഓഫീസർക്കുണ്ടെന്നും യുവതി കിടന്നിരുന്നത് പുറത്തായിരുന്നുവെന്നും രവിയുടെ അറ്റോർണി വ്യക്തമാക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ