അലക്സ് ചാക്കോ
മുംബൈ: പണം നല്കി വാങ്ങിയ ഉത്പന്നങ്ങൾക്ക് കേടുപാട് സംഭവിച്ചാൽ അവ നന്നാക്കിക്കിട്ടേണ്ടത് ഉപയോക്താവിന്റെ അവകാശമാക്കി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ.
വില്പനാനന്തര സേവന മേഖലയിൽ നിർമാണ കന്പനികൾക്കുള്ള കുത്തക മനോഭാവത്തിന് അറുതി വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
‘റൈറ്റ് ടു റിപെയർ’ എന്ന പേരിൽ അവതരിപ്പിക്കുന്ന പുതിയ നിയമത്തിലെ ചട്ടങ്ങളും വ്യവസ്ഥകളും തയാറാക്കാൻ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചുകഴിഞ്ഞു.
അഡീഷണൽ സെക്രട്ടറി നിധി കരെയാണ് ഈ സമിതിയുടെ അധ്യക്ഷൻ. കാർഷിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, ഫ്രിഡ്ജ്, എസി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമൊബൈൽ സാമഗ്രികൾ തുടങ്ങിയ വിപുലമായ ഉത്പന്നശേഖരത്തെ പുതിയ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉത്പന്നങ്ങൾക്കു കേടുപാടു സംഭവിച്ചാൽ ഒറിജിനൽ ബ്രാൻഡിന്റെ സർവീസ് വിഭാഗത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ടിവരുന്ന നിലവിലെ സാഹചര്യത്തിനു പുതിയ നിയമത്തിന്റെ വരവോടെ മാറ്റമുണ്ടാകും.
അറ്റകുറ്റപ്പണി നടത്താൻ ഏതു വ്യക്തിയെയും സ്ഥാപനത്തെയും ആശ്രയിക്കാൻ ഉപയോക്തക്കൾക്ക് അവകാശമുണ്ടായിരിക്കും.
ആവശ്യമെങ്കിൽ ഉപയോക്താവിനുതന്നെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്താനും സ്വാതന്ത്ര്യം ലഭിക്കും.
തേർഡ് പാർട്ടി സ്ഥാപനങ്ങളെ അറ്റകുറ്റപ്പണിക്ക് ആശ്രയിച്ചാൽ വാറന്റി നഷ്ടമാകുമെന്ന കന്പനി വ്യവസ്ഥകൾ സർക്കാർ എടുത്തുകളയും.
ഉത്പന്നങ്ങളുടെ സൂക്ഷ്മ സാങ്കേതിക വിവരങ്ങൾവരെ അടങ്ങിയ വിശദമായ യൂസർ മാനുവൽ, ഉത്പന്നങ്ങളുടെ അറ്റകുറ്റപ്പണിക്കാവശ്യമായ ടൂൾ കിറ്റുകൾ തുടങ്ങിയവ അതത് നിർമാണ കന്പനികൾ ഉപയോക്താക്കൾക്കും സ്വകാര്യ റിപ്പെയറിംഗ് സ്ഥാപനങ്ങൾക്കും നല്കണമെന്നത് നിർബന്ധമാക്കുകയും ചെയ്യും.
ഉപകരണങ്ങൾക്ക് കേടു സംഭവിക്കുന്പോൾ കന്പനികളുടെ നിർദേശ പ്രകാരം കേടായ യന്ത്രഭാഗങ്ങൾ അപ്പാടെ മാറ്റി പുതിയത് വാങ്ങി ഘടിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിനും പുതിയ നിയമത്തിന്റെ വരവോടെ മാറ്റംവരും.
ഏതു യന്ത്രഭാഗവും നന്നാക്കി പ്രവർത്തന ക്ഷമമാക്കാനുള്ള സൗകര്യം കന്പനികൾ നല്കേണ്ടിവരും. ഇതിലൂടെ ഇ -വേസ്റ്റുകൾ കുറയ്ക്കാനാകുമെന്നും കേന്ദ്രസർക്കാർ കണക്കുകൂട്ടുന്നു.
യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെതന്നെ നടപ്പിലാക്കിയിട്ടുള്ള റൈറ്റ് ടു റിപ്പയർ നിയമങ്ങളുടെ മാതൃകയിലാണ് ഇന്ത്യയിലും പുതിയ നിയമം വരുന്നത്. കന്പനി പ്രതിനിധികളുടെയും മറ്റു തത്പരകക്ഷികളുടെയും നിലപാടുകൾകൂടി കേട്ടശേഷമാകും നിയമത്തിന് അന്തിമരൂപം നല്കുക.