കോട്ടയം തലയോലപ്പറമ്പില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 105 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടു പേരെ അറസ്റ്റു ചെയ്തു.
കോട്ടയം കരിപ്പൂത്തട്ട് സ്വദേശി കെന്‍സ് സാബു, മുണ്ടക്കയം സ്വദേശി രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച രാവിലെ തലയോലപ്പറമ്പില്‍ സിനിമാ രംഗങ്ങളെ വെല്ലുന്നരീതിയിലായിരുന്നു പോലീസിന്റെ ലഹരിവേട്ട.
എറണാകുളം ഭാഗത്തുനിന്നാണ് രണ്ടുപേരും കാറില്‍ കഞ്ചാവുമായി വന്നത്. ഇവരുടെ വാഹനം വെട്ടിക്കാട്ട് മുക്കില്‍വെച്ച് പോലീസ് തടയാന്‍ ശ്രമിച്ചു.
എന്നാല്‍ പ്രതികള്‍ പോലീസിനെ വെട്ടിച്ച് കാറുമായി മുന്നോട്ടുപോയി. തുടര്‍ന്ന് പോലീസ് കാറിനെ പിന്തുടര്ന്നു.
ഇതോടെ കാറിലുണ്ടായിരുന്ന ഒരാള്‍ ഡോര്‍ തുറന്ന് ചാടുകയും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടിച്ചു.
ഇതിനിടെ കാറുമായി മുന്നോട്ടുപോയ രണ്ടാമനെ പോലീസ് സംഘം പിന്തുടര്ന്ന് തലയോലപ്പറമ്പ് ജംഗ്ഷന് സമീപത്തുവെച്ചും പിടികൂടുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത രണ്ടുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. എവിടെനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്, എവിടെ വിതരണം ചെയ്യാനാണ് എത്തിച്ചത് തുടങ്ങിയ കാര്യങ്ങള്‍ ചോദ്യംചെയ്യലിലൂടെ വ്യക്തമാകുമെന്നും പോലീസ് പറഞ്ഞു.