ബംഗളൂരു: സീറ്റ് വിഷയത്തിൽ ഇടഞ്ഞുനില്ക്കുന്ന നടി സുമലതയെ അനുനയിപ്പിക്കാൻ ജെഡി-എസ് ശ്രമം. മാണ്ഡ്യ സീറ്റിനു പകരം മൈസൂരുവിൽ ജെഡി-എസ് ടിക്കറ്റിൽ മത്സരിക്കാൻ സുമലതയെ ക്ഷണിച്ചതായാണ് വിവരം.
കഴിഞ്ഞ ദിവസം ബംഗളൂരുവിലെ സ്വകാര്യഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ ജെഡി-എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമാണ് സീറ്റ് വാഗ്ദാനം ചെയ്തത്. കോൺഗ്രസ് കൂടി സമ്മതിച്ചാൽ സുമലത മൈസൂരു-കുടക് മണ്ഡലത്തിൽ മത്സരിക്കുമെന്നും ജെഡി-എസ് വൃത്തങ്ങൾ സൂചന നല്കി.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയെ മാണ്ഡ്യയിൽ മത്സരിപ്പിക്കാനാണ് ജെഡി-എസ് തീരുമാനിച്ചത്, എന്നാൽ, അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിന്റെ ഭാര്യ കൂടിയായ സുമലത മാണ്ഡ്യയിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.
ഇതുമായി ബന്ധപ്പെട്ട് സുമലത കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന സൂചനയും സുമലത നല്കിയിരുന്നു. എന്നാൽ സുമലത സ്വതന്ത്രയായി നിന്നാൽ അത് ജെഡി-എസിന്റെ വിജയമോഹത്തിന് തിരിച്ചടിയാകുമെന്നതിനാലാണ് പകരം സീറ്റ് വാഗ്ദാനം ചെയ്ത് അനുനയിപ്പിക്കാൻ ശ്രമിക്കുന്നത്. മൈസൂരു- കുടക് മണ്ഡലം നിലവിൽ ബിജെപിയുടെ കൈയിലാണെങ്കിലും കോൺഗ്രസും ജെഡി-എസും ഒരുമിച്ച് മത്സരിച്ചാൽ വിജയം ഉറപ്പാണ്.
അതേസമയം മത്സരിക്കുമെങ്കിൽ അത് മാണ്ഡ്യയിൽ തന്നെയെന്ന നിലപാടിലാണ് സുമലത ഇപ്പോഴുമെന്നാണ് അറിയാൻ കഴിയുന്നത്. നേരത്തെ തന്നെ അവർ മാണ്ഡ്യയിൽ പ്രചാരണപ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു.
സുമലത മത്സരിച്ചാൽ അംബരീഷിന്റെ ആരാധകർക്കൊപ്പം കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയും ലഭിക്കും. അതേസമയം, സുമലതയെ പാർട്ടിയിലേക്ക് ക്ഷണിച്ചതായി ബിജെപി സമ്മതിക്കുന്നില്ലെങ്കിലും സ്വതന്ത്രയായി മത്സരിച്ചാൽ പിന്തുണ നല്കാനും സാധ്യതയുണ്ട്.