ബംഗളൂരു: ഐഎംഎ ജൂവൽസ് നിക്ഷേപക തട്ടിപ്പുകേസിലെ മുഖ്യപ്രതിയും കന്പനിയുടമയുമായ മുഹമ്മദ് മൻസൂർ ഖാന്റെ ബംഗളൂരുവിലെ കെട്ടിടത്തിൽനിന്നും 303 കിലോ വ്യാജ സ്വർണക്കട്ടികൾ പിടിച്ചെടുത്തു. പ്രത്യേക അന്വേഷണ സംഘം കെട്ടിടത്തിന്റെ ആറാം നിലയിലെ നീന്തൽക്കുളത്തിൽനിന്നുമാണ് വ്യാജ സ്വർണക്കട്ടികൾ കണ്ടെടുത്തത്. ചെന്പിൽ സ്വർണം പൂശിയവയായിരുന്നു ഇത്.
മൻസൂർ ഖാൻ രാജ്യം വിടുന്നതിനു മുന്പ് ഇവ നീന്തൽക്കുളത്തിൽ ഒളിപ്പിക്കുകയായിരുന്നു. 5,880 വ്യാജ സ്വർണക്കട്ടികളാണ് നീന്തൽക്കുളത്തിൽ ഒളിപ്പിച്ചത്. റിച്ച് മൗണ്ട് സൂപ്പർമാർക്കറ്റിനു സമീപമാണ് മുഹമ്മദ് മൻസൂർ ഖാന്റെ ഉടമസ്ഥതയിലുള്ള ഏഴു നില കെട്ടിടം. മുഹമ്മദ് മൻസൂർ ഖാൻ വലിയ അളവിൽ സ്വർണം ജനങ്ങളെ കാണിക്കുകയും കന്പനിയിൽ നിക്ഷേപിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
കർണാടക ഗവർണർ നിയമിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഐഎംഎ ജൂവൽസിൽ നിക്ഷേപിച്ച ആയിരക്കണക്കിനാളുകളുടെ 4,084 കോടി രൂപ കൈക്കലാക്കി ഒന്നരമാസം മുന്പ് ഖാൻ ദുബായിലേക്കു മുങ്ങുകയായിരുന്നു.