കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാന്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ പള്ളി കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ കെപി. താഹിറില്നിന്ന് 1.58 കോടി രൂപ തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് ഉത്തരവ്.
സാന്പത്തിക തിരിമറി സംബന്ധിച്ച് ക്രിമിനില്‍ കേസെടുക്കാനും വഖഫ് ബോര്‍ഡ് ഉത്തരവിട്ടു.2010 മുതല്‍ 2015 വരയുള്ള കാലത്തെ വരവ് ചെലവുകള്‍ പരിശോധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
ഈ കേസില്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഹാജി രണ്ടാം പ്രതിയും ട്രഷററായിരുന്ന പി.കെ.സി. ഇബ്രാഹിം മൂന്നാം പ്രതിയുമാണ്. നഷ്ടപ്പെട്ട 1,57,79,500 രൂപയും വരവ് ഇനത്തില്‍ ലഭിക്കേണ്ട 9,247 രൂപയുമടക്കം മൊത്തം 1,57,88,747 രൂപയാണ് തിരിച്ചു പിടിക്കുക.
പള്ളിക്കമ്മിറ്റി ജനറല്‍ ബോഡിയുടെ പരാതിയില്‍ തലശേരി ചീഫ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശ പ്രകാരം ചക്കരക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് താഹിറിനെ അറസ്റ്റ് ചെയ്തിരുന്നു. മുസ്ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസായിരുന്നു ഇത്.