കോഴിക്കോട്: വിപണിയിലെത്തുന്ന ഓറഞ്ച് വ്യാപകമായി അഴുകുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന ഓറഞ്ചുകളാണ് വ്യാപമായി അഴുകുന്നത്. ഇത് ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നുണ്ട്.
ഓറഞ്ചിന്റെ ഞെട്ടിന്റെ ഭാഗത്താണ് അഴുകല്‍ കാണുന്നത്. ഏതെങ്കിലും വിധത്തിലുള്ള രാസപദാര്‍ത്ഥങ്ങള്‍ ഓറഞ്ചില്‍ ഉപയോഗിക്കുന്നതാണോ ഇത്തരത്തിലുള്ള അഴുകലിന് കാരണമെന്ന് പലരും സംശയിക്കുന്നു. വഴിയോര കച്ചവടക്കാരില്‍ നിന്നും, കടകളില്‍ നിന്നും, സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്നും മറ്റും വാങ്ങുന്ന ഓറഞ്ചുകളില്‍ ഇത് പ്രകടമായി കാണുന്നുണ്ട്.
പുറം ഭാഗം കണ്ടാല്‍ ഫ്രഷ് എന്നു തോന്നിപ്പിക്കുന്ന ഓറഞ്ച് വാങ്ങി വീട്ടിലെത്തി തൊലി നീക്കുമ്പോഴാണ് ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നത്. ഈ വര്‍ഷം ആദ്യം തൃശൂരില്‍ ഓറഞ്ചിലെ രാസവസ്തുകാരണം നിരവധി പേര് ചികിത്സതേടിയിരുന്നതായി വ്യാപക പ്രചരണമുണ്ടായിരുന്നു.
ഓറഞ്ചുള്പ്പെടെയുള്ള വസ്തുക്കളില്‍ മായം ചേര്‍ക്കുന്നുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഓരോ ജില്ലയിലും പരിശോധന നടത്തിയിരുന്നു. പല ക്രമക്കേടുകളും ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓറഞ്ചിലുള്ള അഴുകല്‍ സംബന്ധിച്ചു പരിശോധന വേണ്ടെന്ന നിലപാടിലാണ് അധികൃതര്‍ .
ഓറഞ്ചിലെ അഴുകല്‍ പേടിക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്. സാധാരണ ഫലങ്ങളേക്കാള്‍ ഓറഞ്ചിന്റെ ഞെട്ടിന് ഉറപ്പു കൂടുതലാണ്. അതിനാല്‍ പറിച്ചെടുക്കുമ്പോള്‍ തൊലയിലുടെ ഭാഗത്തിന് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും,ഇപ്രകാരം പരിക്കേല്‍ക്കുന്ന ഭാഗത്ത് ബാക്ടീരിയ കടന്നു കൂടുമെന്നും ഇതാണ് അഴുകലിന് കാരണമെന്നുമാണ് അധികൃതരുടെ വാദം. ഞെട്ടിന്റെ ഭാഗത്ത് സിറിഞ്ചിലൂടെ വെള്ളം കുത്തിവച്ച് തൂക്കം വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് സംശയിക്കുന്നത്.
വ്യാപകമായ പരാതി ഉയര്‍ന്നിട്ടും ശാസ്ര്തീയപരിശോധന നടത്താതെ ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപാരികളെ സഹായിക്കുകയാണെന്ന് ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ട്.