മുംബൈ: മഹാരാഷ്ട്രയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ബാന്ദ്രയിലുള്ള ജില്ലാ ജനറല്‍ ആശുപത്രിയിലാണു തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്.
സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ (എസ്എല്‍സിയു) ചികിത്സയിലായിരുന്ന നവജാതശിശുക്കളാണു മരിച്ചത്. ശ്വാസംമുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഒന്ന് മുതല്‍ മൂന്ന് മാസം വരെ പ്രായമുള്ള കുട്ടികളാണ് എസ്എന്‍സിയുവിലുണ്ടായിരുന്നത്. എസ്എന്‍സിയുവില്‍ പ്രവേശിപ്പിച്ചിരുന്ന മറ്റ് ഏഴ് കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായി സിവില്‍ സര്‍ജനായ പ്രമോദ് ഖണ്ടാതേ അറിയിച്ചു.
കൂടാതെ തീവ്രപരിചരണവിഭാഗം, ഡയാലിലിസ് വിഭാഗം, ലേബര്‍ വാര്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രോഗികളെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റി.
ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല.
സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍അനുശേചനം രേഖപ്പെടുത്തി.
കുട്ടികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അതിദാരുണമായ സംഭവമെന്ന് അപകടത്തെ ട്വിറ്ററിലൂടെ വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മരിച്ച കുട്ടികളുടെ കുടുംബത്തിന് ആവശ്യമായ സഹായം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.