ഉത്തരകൊറിയയില്‍ ജനങ്ങള്‍ ചിരിക്കുന്നത് പത്തു ദിവസത്തേക്ക് നിരോധിച്ചു. രാജ്യത്തിന്റെ മുന്‍ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ 10-ാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്.
ഇന്നാണ് (ഡിസംബര്‍ 17) കിം ജോങ് ഇലിന്റെ ചരമവാര്‍ഷികദിനം. പത്തു ദിവസത്തെ ദുഃഖാചരണത്തോട് അനുബന്ധിച്ച് ഉത്തര കൊറിയക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളില്‍ ഒന്നാണ് ചിരി നിരോധനം.
മദ്യപാനം, മറ്റു വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് തുടങ്ങിയവയും നിരോധിച്ചിട്ടുണ്ടെന്ന് അതിര്‍ത്തി നഗരമായ സിനുയിജുവിലെ താമസക്കാരന് റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. നിരോധനം ലംഘിക്കുന്നവരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.
കിം ജോങ് ഇലിന്റെ ജീവിതത്തെ അനുസ്മരിച്ച് നിരവധി പരിപാടികളാണ് ഉത്തരകൊറിയ ആസൂത്രണം ചെയ്തിരിക്കുന്നത്.
അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം, അദ്ദേഹത്തിന്റെ പേരിലുള്ള പുഷ്പമായ ‘കിംജോങ്ങിലിയ’യുടെ പ്രദര്‍ശനം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
2011 ഡിസംബര്‍ 17ന് 69ാം വയസ്സിലാണ് കിം ജോങ് ഇല് മരിച്ചത്. 1948ല്‍ കിം ഇല് സുങ് ഉത്തര കൊറിയ സ്ഥാപിച്ചശേഷം കിം കുടുംബത്തിലെ മൂന്നു തലമുറകളാണു രാജ്യം ഭരിച്ചത്.
1994ല്‍ സുങ് അന്തരിച്ചതിനു പിന്നാലെയാണ് മകനായ കിം ജോങ് ഇല് ഭരണാധികാരിയായത്. കിം ജോങ് ഇല് മരിച്ചതിനുശേഷം 2011 ഡിസംബര്‍ 30ന് കിം ജോങ് ഉന്‍ അധികാരമേറ്റു.