കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മേഖലയിൽ നാലിടത്ത് വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. രണ്ടിടത്ത് ഒരു മണിക്കൂറിലേറേ വോട്ടിംഗ് തടസപ്പെട്ടു. ഒരിടത്ത്് പുതിയ വോട്ടിംഗ് യന്ത്രമെത്തിച്ചശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്.
കടുത്തുരുത്തി പഞ്ചായത്തിലെ 14-ാം വാർഡിൽ മധുരവേലി കെപിഎംഎസ് സമുദായ ഹാളിൽ പ്രവർത്തിക്കുന്ന ഒന്നാം നന്പർ ബൂത്തിലെ യന്ത്രം ഓണ് ആകാത്തതാണ് പ്രശ്നമായത്. രാവിലെ വോട്ടിംഗ് ആരംഭിക്കാൻ തുടങ്ങിയ സമയത്താണ് സംഭവം.
പിന്നീട് 54 മിനിറ്റിന് ശേഷം തകരാർ പരിഹരിച്ചാണ് ഇവിടെ വോട്ടെടുപ്പ് ആരംഭിച്ചത്. അതുവരെ പ്രായമായവർ ഉൾപ്പെടെയുള്ള വോട്ടർമാർ ക്യൂവിൽ കാത്തു നിന്നു.
കടുത്തുരുത്തി പഞ്ചായത്തിലെ 19-ാം വാർഡിൽ മാന്നാർ ഗവണ്മെന്റ് എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ബൂത്തിലും യന്ത്രം പണി മുടക്കി. ഇതോടെ ഒന്നര മണിക്കൂറിന് ശേഷം മറ്റൊരു യന്ത്രമെത്തിച്ചാണ് വോട്ടെടുപ്പ്്് ആരംഭിച്ചത്.
മുളക്കുളം പഞ്ചായത്തിലെ പൂഴിക്കോൽ സെന്റ് മർത്താസ് സ്കൂളിലെ ബൂത്തിലും 15 മിനിറ്റോളം വോട്ടിംഗ് യന്ത്രം പണിമുടക്കി. പിന്നീട് തകരാർ പരിഹരിച്ചശേഷം വോട്ടിംഗ് പുന:രാംരഭിച്ചു.
കടുത്തുരുത്തി പഞ്ചായത്തിലെ ആറാം വാർഡിലെ ബൂത്ത് പ്രവർത്തിച്ചിരുന്ന കടുത്തുരുത്തി സെന്റ് ജോർജ് എൽപി സ്കൂളിലും രാവിലെ വോട്ടിംഗ് യന്ത്രം തകരാറിലായി.
ഇവിടെയും ഉടൻതന്നെ തകരാർ പരിഹരിച്ചു. കടുത്തുരുത്തി മേഖലയിൽ രാവിലെ മുതൽ വോട്ടർമാരുടെ വൻതിരക്കാണ്.
മോൻസ് ജോസഫ് എംഎൽഎ പതിവുപോലെ രാവിലെ തന്നെ ഭാര്യ സോണിയായ്ക്കും മകൾ മരീനയ്ക്കുമൊപ്പം പൂഴിക്കോൽ സെന്റ് മർത്താസ് യുപി സ്കുളിലെ 16-ാം നന്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.