പത്തു രൂപയുടെ നാണയങ്ങള്‍ നിരോധിച്ചോ? രാഷ്ട്രദീപികഡോട്ട്‌കോമിലേക്ക് അടുത്തിടെയായി നിരവധി പേര്‍ മെസേജുകളിലൂടെ ഞങ്ങളുമായി ബന്ധപ്പെട്ടിരുന്നു. പത്തുരൂപ നാണയം നിരോധിച്ചെന്നും എടുത്താല്‍ പണികിട്ടുമെന്നും സോഷ്യല്‍മീഡിയയിലൂടെ പ്രചരണം ശക്തമാകുകയാണ്. സത്യത്തില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ എന്താണ്?
പത്തു രൂപ നാണയങ്ങള്‍ നിരോധിക്കാന്‍ ഒരു നീക്കവുമില്ലെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം വാസ്തവവിരുദ്ധമാണ്. പത്തുരൂപയുടെ പുതിയ നാണയം വാങ്ങാന്‍ മടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നാണയം പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.
കടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പത്തുരൂപ നാണയം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് റിസര്‍വ്വ് ബാങ്ക് ഇത്തരമൊരു നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്തുരൂപ നാണയം പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്നാണ് നാണയം സ്വീകരിക്കാന്‍ പലരും മടികാണിച്ചത്. വാട്‌സാപ്പ് വഴിയാണ് ഈ വ്യാജവാര്‍ത്ത പ്രചരിച്ചത്. പത്തുരൂപ നാണയം റദ്ദാക്കിയിട്ടില്ലെന്നും റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലെന്നും റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കില്‍വാന വ്യക്തമാക്കി. വാട്‌സ്ആപ്പ് വഴി പ്രചരിച്ച വ്യാജ വാര്‍ത്തയാണിതെന്നും നാണയങ്ങള്‍ എല്ലാവരും സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
റിസര്‍ ബാങ്ക് പത്തുരൂപയുടെ കേസില്‍ നയം വ്യക്തമാക്കിയെങ്കിലും കേരളത്തില്‍ പലയിടത്തും തര്‍ക്കങ്ങള്‍ പതിവാകുകയാണ്. ഗ്രാമപ്രദേശങ്ങളിലെ കടകളിലും ബസുകളിലുമാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം മഞ്ചേരിയില്‍നിന്ന് പെരിന്തല്‍മണ്ണയ്ക്ക് പോവുകയായിരുന്ന ബസില്‍ ബാക്കി നല്കിയ നാണയം സ്വീകരിക്കാന്‍ യാത്രക്കാരന്‍ തയാറായില്ല. ഇതേത്തുടര്‍ന്ന് ഉന്തുംതള്ളും വരെയുണ്ടായി.