ഒറ്റപ്പാലം: പത്തുരൂപ നാണയങ്ങൾക്ക് വിലക്കില്ലെന്ന് ബാങ്കുകൾ ആവർത്തിക്കുന്പോഴും ഇത് വാങ്ങാനും കൊടുക്കാനും ആളുകൾ തയ്യാറാവുന്നില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് കാൽകോടിയിലേറെ രൂപയുടെ നാണയങ്ങൾ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി കെട്ടികിടക്കുന്നുണ്ടെന്നാണ് കണക്ക്.
പത്തുരൂപ നാണയങ്ങൾക്ക് ഒരുതരത്തിലുമുള്ളനിരോധനവും ഇല്ലെന്ന് ബന്ധപ്പെട്ടവർതന്നെ വ്യക്തമാക്കുന്പോഴും ഇതംഗീകരിക്കാൻ ആളുകൾ തയ്യാറല്ലാത്ത അവസ്ഥയാണ്. ചില ബസുകളിലും കടകളിലുമൊന്നും ഈ നാണയം സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്.
അതേസമയം നാണയത്തിന്റെ ഭാരവും ഇവ വാങ്ങിക്കുവാൻ ആളുകളെ വിലക്കുന്നുണ്ട്. ഏഴ് ഗ്രാം ആണ് പത്തുരൂപ നാണയത്തിന്റെ ഭാരം. നാണയങ്ങളേക്കാൾ കൂടുതൽ നോട്ടുകൾ കിട്ടുന്നതാണ് മറ്റൊരു പ്രശ്നമെന്നും ചൂണ്ടികാണിക്കുന്നു. സാധനങ്ങൾ വാങ്ങി ബാക്കി തുകക്ക് നാണയങ്ങൾ നൽകിയാൽ നോട്ടുമതിയെന്ന് നിർബന്ധം പിടിക്കുന്നവരുടെ എണ്ണംകൂടി വരികയാണെന്ന് കടയുടമകൾ പറയുന്നു.
ഇതിന്റെ പേരിൽ തർക്കങ്ങളും ചില്ലറ പ്രശ്നങ്ങളും ഉണ്ടാവുന്നതായും കടക്കാർ ചൂണ്ടിക്കാണിക്കുന്നു. മൊത്ത വ്യാപാരികൾപോലും ചില്ലറതുട്ടുകൾ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി. ഇതുതൊണ്ടുതന്നെ നാണയങ്ങൾ മുഴുവൻ ബാങ്കുകളിൽ നൽകുകയാണ് ബന്ധപ്പെട്ടവരെല്ലാം ചെയ്യുന്നത്. അതേസമയം ബാങ്കുകൾക്ക് പ്രത്യേകിച്ച് നാണയവിതരണം നടത്തുന്ന ചെസ്റ്റുകൾക്ക് പത്തുരൂപ നാണയം ഏറ്റെടുക്കാതെ നിർവാഹമില്ല. റിസർവ്് ബാങ്കിൽ നിന്ന് മറ്റു നാണയങ്ങളുൾപ്പെടെ സ്വീകരിക്കുന്പോൾ നിശ്ചിതശതമാനം തുകക്ക് പത്തുരൂപ നാണയവും എടുക്കണമെന്നതാണ് വ്യവസ്ഥ.
ഇക്കാരണത്താൽ കൂടുതൽ ക്രയവിക്രയം നടത്തുന്ന ബാങ്കുകളിൽ പത്തുരൂപ നാണങ്ങൾ കെട്ടികിടക്കുന്ന അവസ്ഥയുണ്ട്. 2005 ൽ ആണ് ആദ്യമായി പത്തുരൂപ നാണയം പുറത്തിറക്കിയത്. എന്നാൽ ഇത് വ്യാപകമായിരുന്നില്ല.
ഇതുകൊണ്ടുതന്നെ പത്തുരൂപ നാണയത്തോട് ആളുകൾക്ക് വിമുഖതയും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞവർഷം നോട്ട് അസാധുവാക്കൽ നടത്തിയതോടെയാണ് പത്തുരൂപ നാണയത്തിന് പ്രചാരം ലഭിച്ചത്. അന്നത്തെ ക്ഷാമംമൂലം ആളുകൾ ഇത് വ്യാപകമായി വാങ്ങിയെങ്കിലും പിന്നീടിത് ഒഴിവാക്കാനുള്ള ശ്രമത്തിലായി. ഇതിനിടയിലാണ് പത്തുരൂപ നാണയം നിരോധിക്കുവാൻ പോകുന്നതായി കിംവദന്തി പരന്നത്. ഇതോടുകൂടിയാണ് നാണയങ്ങൾ ആരും വാങ്ങാതായത്. പത്തുരൂപ നാണയം നിരോധിച്ചുവെന്ന് പറയുന്ന വിദ്യാസന്പന്നൻമാർവരെ നിലവിലുണ്ട്.