അസമില്‍ ബിജെപി എംപിയുടെ വസതിയില്‍ 10 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
രാജ്ദീപ് റോയി എംപിയുടെ സില്‍ച്ചാറിലുള്ള വസതിയില്‍ ശനിയാഴ്ച വൈകിട്ടാണ് വീട്ടുജോലിക്കാരിയുടെ മകന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി രാജ്ദീപ് റോയിയെ (എംപിയുടെ അതേ പേരാണ് കുട്ടിയ്ക്കും) മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സില്‍ച്ചാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് (എസ്എംസിഎച്ച്) അയച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
കച്ചാര്‍ ജില്ലയിലെ പലോങ് ഘട്ട് പ്രദേശത്തുനിന്നുള്ളവരാണ് കുട്ടിയുടെ കുടുംബം. കുറച്ച് വര്‍ഷങ്ങളായി എംപിയുടെ വീട്ടില്‍ അമ്മയ്ക്കും മൂത്ത സഹോദരിക്കുമൊപ്പം താമസിക്കുകയായിരുന്നു കുട്ടി.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിഡിയോ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതില്‍ അമ്മയോട് കുട്ടി വഴക്കിട്ടിരുന്നതായും പോലീസ് പറഞ്ഞു.
വീട്ടിലെത്തി എല്ലാം വിശദമായി പരിശോധിച്ചതായും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
കുട്ടിയുടെ മരണത്തില്‍ ഞെട്ടിപ്പോയെന്ന് രാജ്ദീപ് റോയി എംപി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…കുട്ടിയുടെ അമ്മ എന്റെ മകളോടൊപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു.
അതിനുമുന്‍പ്, അമ്മയോട് മൊബൈല്‍ ഫോണ്‍ നല്കാന് കുട്ടി ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ നല്‍കിയില്ല. 40 മിനിറ്റുകഴിഞ്ഞ് അവര്‍ തിരിച്ചെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അകത്തു നിന്ന് പൂട്ടിയനിലയിലായിരുന്നു.
പോലീസെത്തി മുറി തകര്‍ത്തപ്പോള്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു അവന്. മരണവിവരം തന്റെ കുടുംബത്തിന് വലിയ ഞെട്ടലാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.