മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് താമസം പിതാവിനൊപ്പമായ പത്തു വയസുകാരന്‍ അമ്മയെയും സഹോദരിയെയും കാണാന്‍ സ്‌കൂളില്‍ നിന്ന് പൊരിവെയിലത്ത് ആരുമറിയാതെ ഇറങ്ങി നടന്നത് 10 കിലോമീറ്റര്‍.
ഒടുവില്‍ വഴി തെറ്റി ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം ചേന്നമത്ത് ക്ഷേത്രത്തിനു സമീപം എത്തിയ കുട്ടിയെ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പൂയപ്പള്ളിയിലെ ഒരു സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഇന്നലെ വൈകിട്ട് ഏഴോടെ ചാത്തന്നൂര്‍ ചേന്നമത്ത് കണ്ടെത്തിയത്.
ദമ്പതികള്‍ വിവാഹമോചിതരായതോടെ മകള്‍ അമ്മയ്‌ക്കൊപ്പം ചാത്തന്നൂര്‍ കുമ്മല്ലൂരിലും മകന്‍ അച്ഛനൊപ്പം പൂയപ്പള്ളിയിലും കഴിഞ്ഞു വരികയായിരുന്നു. ഇന്നലെ സ്‌കൂളില്‍ കലാപരിപാടികള്‍ ആയിരുന്നു. ഇതിനിടെയാണ് അമ്മയെയും സഹോദരിയെയും കാണാന്‍ ആരോടും പറയാതെ കുട്ടി സ്‌കൂള്‍ വിട്ട് ഇറങ്ങിയത്.
ഉച്ചഭക്ഷണം പോലും കഴിക്കാതെ പൊരിവെയിലില്‍ കിലോമീറ്ററുകള്‍ നടന്നു. ദാഹം സഹിക്കാതായപ്പോള്‍ വഴിവക്കിലെ വീട്ടില്‍ നിന്നു വെള്ളം വാങ്ങി കുടിച്ചശേഷം നടത്തം തുടര്‍ന്നു.
എന്നാല്‍ സന്ധ്യയായിട്ടും ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാതിരുന്ന കുട്ടി വഴിതെറ്റി ക്ഷേത്ര പരിസരത്ത് എത്തുകയായിരുന്നു. അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്നതു കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിനെ അറിയിക്കുകയായിന്നു.
തുടര്‍ന്ന് പോലീസ് കുട്ടിയെ ചാത്തന്നൂര്‍ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. അമ്മ താമസിക്കുന്ന സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരം നല്‍കാന്‍ കുട്ടിക്ക് അറിയില്ലായിരുന്നു.
എന്നാല്‍ ബാഗ് പരിശോധിച്ചപ്പോള്‍ സ്‌കൂളിനെക്കുറിച്ചുള്ള വിവരം ലഭിച്ചു. ഈ സമയം ബന്ധുക്കള്‍ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി പൂയപ്പള്ളി സ്റ്റേഷനില്‍ എത്തിയിരുന്നു. വിശന്നു വലഞ്ഞ കുട്ടിക്ക് ജ്യൂസ് ഉള്‍പ്പെടെ ആഹാരവും പൊലീസ് വാങ്ങി നല്‍കി.
രാത്രി ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കുട്ടികളെ കാണാനില്ലെന്ന പരാതികള്‍ സംസ്ഥാനത്തുടനീളം ലഭിക്കുമ്പോഴാണ് നട്ടുച്ചയ്ക്ക് തനിയെ ഇറങ്ങി നടന്ന് അഞ്ചാംക്ലാസുകാരന്‍ ബന്ധുക്കളെയാകെ പരിഭ്രാന്തരാക്കിയത്.