പട്ടാപ്പകല്‍ അഞ്ചാംക്ലാസുകാരിയെ ബൈക്കിലെത്തി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൊടുപുഴയിലാണ് സംഭവം. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു പോയ അമ്മയോടൊപ്പം കടയില്‍ പോയി പാല് വാങ്ങി തിരികെ തനിയെ വീട്ടിലേക്കു വരുമ്പോഴാണ് അപരിചിതനായ ബൈക്ക് യാത്രികന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.
കുട്ടി ബഹളം വച്ച് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിതോടെ ആക്രമി ബൈക്കില്‍ കടന്ന് കളയുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.
ഇന്നലെ രാവിലെ ഏഴോടെ കുടയത്തൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം. തൊടുപുഴ ഭാഗത്തേക്കു വന്ന ബൈക്ക് കുട്ടിയെ കണ്ടതോടെ തിരിച്ചുവന്നു കുട്ടിയുടെ സമീപം നിര്‍ത്തി. ബൈക്കിന്റെ സൈഡ് ബാഗില്‍ നിന്ന് എന്തോ എടുക്കാന്‍ ശ്രമിച്ചു.
പഞ്ഞിയെന്നു സംശയിക്കുന്ന വസ്തുവാണ് ഇയാള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്നു കുട്ടി പറഞ്ഞു. ഇയാളുടെ വരവില്‍ പന്തികേടു തോന്നിയ കുട്ടി പരിഭ്രമിച്ചു ബഹളം വച്ചു സമീപത്തെ ഒരു വീട്ടിലേക്ക് ഓടിക്കയറി.
പെണ്‍കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ നാട്ടുകാരെ കാഴ്ചക്കാരാക്കി ഇയാള്‍ അതിവേഗം ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയായിരുന്നു. ചിലര്‍ ഇയാളെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല.
മുടിയും താടിയും ചെമ്പിപ്പിച്ച് കയ്യില്‍ ചരടു കെട്ടിയ ഒരാളാണു തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്നു കുട്ടി മൊഴി നല്കി. മാതാപിതാക്കളുടെ പരാതിയില്‍ കാഞ്ഞാര്‍ പൊലീസ് കേസെടുത്തു. യുവാവിന്റെ കൈവശം ക്ലോറോഫോമാണോ എന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞാഴ്ച കരുനാഗപ്പള്ളിയില്‍ സ്കൂളിലേക്ക് പോകാനായി കാത്തുനിന്ന പെണ്‍കുട്ടിയെ കൈയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകാനായി ശ്രമിച്ച നാടോടി സ്ത്രീയെ പിടികൂടിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.