പൊതിച്ചോറ് തുറന്ന് കറികള്‍ എടുത്തപ്പോള്‍ ഒപ്പം ഒരു 100 രൂപ നോട്ട് ! അപൂര്‍വ സംഭവം കടല്‍ക്ഷോഭമുണ്ടായ ചെല്ലാനത്ത്…

പൊതിച്ചോറു തുറന്നപ്പോള്‍ കറികള്‍ക്കിടയില്‍ കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 100 രൂപ നോട്ട്. കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്താണ് സംഭവം.

ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിര്‍ബന്ധമുള്ള ആരുടെയോ സദ്പ്രവൃത്തിയാവാം ഇത്. കണ്ണമാലി ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ അയല്‍ ഗ്രാമമായ കുമ്പളങ്ങിയില്‍ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണു ഭക്ഷണപ്പൊതികള്‍ ശേഖരിച്ചത്.

കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനില്‍ ആന്റണി പൊതിച്ചോറില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്.

ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു ഫേസ്ബുക്കില്‍ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടില്‍ ഇതേപ്പറ്റി കുറിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്.

ഒരു പഴം കൊടുത്താല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസ്സിനു മുന്നില്‍ നമിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഈ ദുരിത കാലത്ത് പ്രത്യാശ നല്‍കുന്നതാണ് ഇത്തരം വാര്‍ത്തകള്‍.

Related posts

Leave a Comment