തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മൂന്നാം വാർഷികത്തിനു പകരമായി 1000 ദിവസം പൂർത്തിയാക്കുന്നതിന്റെ ആഘോഷം സംസ്ഥാന വ്യാപകമായി നടത്താൻ മന്ത്രിസഭാ തീരുമാനം.
മേയ് മാസത്തിൽ സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങുമെന്നതിനാൽ മന്ത്രിസഭയുടെ 1000 ദിവസം ഫെബ്രുവരി യിൽ ആഘോഷിക്കാനാണു തീരുമാനം. ഇതിനായി എ.കെ. ബാലൻ കണ്‍വീനറായ മന്ത്രിസഭാ ഉപസമിതിയെയും ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
ഫെബ്രുവരി 15 മുതൽ എല്ലാ ജില്ലകളിലും ആഘോഷം സംഘടിപ്പിക്കും. വിശദാംശങ്ങൾ മന്ത്രിസഭാ ഉപസമിതി തയാറാക്കും.പുതിയ വികസന പദ്ധതികൾക്കു തുടക്കം കുറിക്കുക, പൂർത്തിയായ പദ്ധതികളുടെ ഉദ്ഘാടനം നടത്തുക എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. മറ്റു പരിപാടികളും ഉണ്ടാകും. ഫെബ്രുവരി 18നാണ് 1000 ദിവസം പൂർത്തിയാക്കുന്നത്.
മന്ത്രിസഭാ ഉപസമിതിയിൽ ഏ.കെ. ബാലനെ കൂടാതെ ഘടകകക്ഷി മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻകുട്ടി എന്നിവരാണ് അംഗങ്ങൾ.