കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബിഡിജഐസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കു വോട്ടുപിടിക്കാൻ അമേഠിയിൽനിന്നു ആയിരം വനിതകളെത്തുന്നു. വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും എഐസിസി അധ്യക്ഷനുമായ രാഹുൽഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമാണ് അമേഠി. വിദ്യാർഥിനികൾ ഉൾപ്പെടുന്നതാണ് അമേഠിയിൽനിന്നുള്ള വനിതാസംഘമെന്നു എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
എന്നും അമേഠിയിലെ ജനങ്ങൾ കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നിട്ടും അർഹമായ വികസനം മണ്ഡലത്തിനുണ്ടായില്ല. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പാർപ്പിടം തുടങ്ങിയ രംഗങ്ങളിൽ പരിതാപകരമാണ് ജനങ്ങളുടെ അവസ്ഥ.
ഇതേക്കുറിച്ചുള്ള ബോധവത്കരണമാണ് വനിതകളുടെ ലക്ഷ്യം. അടിസ്ഥാന വികസന രംഗത്തു അമേഠിയുടെ പിന്നോക്കാവസ്ഥ വ്യക്തമാക്കുന്ന ഫോട്ടോകളും വീഡിയോകളും സഹിതമാണ് സ്ത്രീകൾ വരുന്നത്. അടുത്തയാഴ്ച എത്തുന്ന വനിതകൾ മണ്ഡലം വ്യാപകമായി പ്രചാരണം നടത്തും. എൻഡിഎ സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കും.