സ്വന്തം ലേഖകൻ
ന്യൂഡൽഹി: നൂറുകോടി വാക്സിനേഷൻ റിക്കാർഡിൽ ഇന്ത്യ. രാജ്യം സ്വന്തമാക്കിയത് ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ശാസ്ത്രരംഗത്ത് ഇന്ത്യ കൈവരിച്ച മുന്നേറ്റമാണിത്. ഈ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയെ സഹായിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും പുറമേ രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങൾക്കും പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു.
ഇന്ത്യ അഭിമാനനേട്ടം സ്വന്തമാക്കിയതിന്റെ ഭാഗമായി പ്രധാനമന്ത്രി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിച്ച് ജീവനക്കാരുമായി സംസാരിച്ചു.
ഇന്നലെ രാവിലെ പത്തോടെയാണ് രാജ്യം നൂറുകോടി വാക്സിൻ പിന്നിട്ടത്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ മഹാമാരിയെ തടയുന്നതിന് ഇന്ത്യ ശക്തമായ സംരക്ഷണകവചം തീർത്തതായും മോദി പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 18 വയസിനു മുകളിൽ രാജ്യത്തെ 75% ആളുകൾ ആദ്യ ഡോസ് വാക്സിനും 30% ആളുകൾ രണ്ടു ഡോസും സ്വീകരിച്ചു.
കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ വാക്സിനേഷൻ ഒൻപതു മാസങ്ങൾകൊണ്ടു 100 കോടിയിലെത്തി.
ഇതോടെ ചൈനയ്ക്കുശേഷം ലോകത്ത് ഏറ്റവുമധികം ആളുകൾക്കു വാക്സിൻ നൽകിയ രാജ്യമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കി.
12 കോടി ആളുകൾ വാക്സിൻ സ്വീകരിച്ച ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഒൻപതു കോടി പേർ വാ ക്സിൻ സ്വീകരിച്ച മഹാരാഷ്ട്ര യാണ് രണ്ടാം സ്ഥാനത്ത്.
പശ്ചിമബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോ ദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് രണ്ടു കോടി വാക്സിനുകളാണു നൽകിയത്.
അതിനു ശേഷമുള്ള ഒരു മാസത്തിനുള്ളിൽ വാക്സിനേഷനിൽ 60% കുറവാണുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദിവസേന 40 ലക്ഷത്തിനടുത്ത് വാക്സിൻ നൽകിവരുന്നു.
നേട്ടം ആഘോഷിക്കുന്നതിനായി പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 100 സ്മാരകങ്ങളിൽ ദേശീയ പതാകയുടെ നിറങ്ങളിൽ വെളിച്ചം തെളിയിച്ചു.
യുനെസ്കോയുടെ പൈതൃകപട്ടികയിലുള്ള സ്മാരകങ്ങളായ ചെങ്കോട്ട, കുത്തബ് മിനാർ, ഹുമയൂണിന്റെ ശവകുടീരം, ഫത്തേപുർ സിക്രി, ഹംപി, ഖജുരാഹോ തുടങ്ങിയ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രി ചെങ്കോട്ടയിൽനിന്നും പ്രത്യേക സംഗീത ആൽബം പുറത്തിറക്കി.