എഡി സിംസ് എന്ന അമേരിക്കക്കാരി വൃദ്ധയ്ക്ക് പ്രായം 102. ഈ പ്രായത്തില്‍ അറസ്റ്റ് ചെയ്യാന്‍ മാത്രമുള്ള എന്തെങ്കിലും കുറ്റം ഇവര്‍ ചെയ്യുമെന്ന് ആരും കരുതിയിരിക്കില്ല. എന്നാല്‍ സെന്റ്. ലൂയിസ് പോലീസ് ഇവരെ അറസ്റ്റു ചെയ്തു. എന്താണ് കാരണമെന്നറിഞ്ഞാല്‍ ആരും അമ്പരക്കും. ബക്കറ്റ് ലിസ്റ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന അവസാനമായി സാധിക്കാന്‍ ആഗ്രഹമുള്ള കാര്യങ്ങളാണ് വൃദ്ധയുടെ അറസ്റ്റിലേക്ക് നയിച്ചത്.
ജീവിതത്തില്‍ ഇന്നുവരെ അറസ്റ്റ് ചെയ്യപ്പെടാത്ത ഇവരുടെ ആഗ്രഹമായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് പോലീസ് വാഹനത്തില്‍ ഒന്നു സഞ്ചരിക്കുക എന്നത്. പോലീസ് വാഹനത്തിന്റെ പിന്നില്‍ വളരെയധികം സന്തോഷവതിയായാണ് ഇവര്‍ കാണപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മറ്റു പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ ഇവരെ ഫൈവ് സ്റ്റാര്‍ സീനിയര്‍ സെന്റര്‍ എന്ന സന്നദ്ധസംഘടനയുടെ മന്ദിരത്തിലേക്കു കൊണ്ടുപോയി. പ്രായമായവരെ സംരക്ഷിക്കുന്ന സംഘടനയാണിത്.
പോലീസുകാരെല്ലാം വൃദ്ധയുടെ അവസാനത്തെ കിറുക്കന്‍ ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ സന്തോഷത്തിലായിരുന്നു. നൂറുകണക്കിന് തലയിണകളും ബ്ലാങ്കറ്റുമൊക്കെയാണ് സിംസ് അടുത്തിടെ ഈ സേവന മന്ദിരത്തിന് സമ്മാനിച്ചത്. കുറ്റവാളിയായി പോലീസ് ജീപ്പിലിരുന്നുള്ള യാത്ര ഒരു പ്രത്യേക അനുഭവമാണെന്നാണ് സിംസ് പറയുന്നത്. ഇവരുടെ കിറുക്കന്‍ ആശയം മറ്റു വയസന്‍മാര്‍ പിന്തുടരുമോയെന്ന ആശങ്കയിലാണ് സെന്റ് ലൂയിസിലെ പോലീസുകാര്‍.