വാഷിംഗ്ടൺ ഡിസി: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദിയെ പിടികൂടാൻ യുഎസ് സൈനികരെ സഹായിച്ചത് വേട്ടപ്പട്ടികൾ. വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബിൽ ശനിയാഴ്ച രാത്രി യുഎസ് കമാൻഡോകൾ നടത്തിയ ആക്രമണത്തിലാണു ബാഗ്ദാദി കൊല്ലപ്പെട്ടത്.
യുഎസ് സൈനികരുടെ ആക്രമണത്തിനിടെ ബാഗ്ദാദി ദേഹത്ത് ബോംബ് കെട്ടിവച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഇയാളുടെ മൂന്നു മക്കളും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ബാഗ്ദാദിയുടെ രണ്ടു ഭാര്യമാരുമുണ്ടായിരുന്നു. ഇവരുടെ ദേഹത്ത് സ്ഫോടവസ്തുക്കളുണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിക്കും മുന്പ് ഇരുവരും കൊല്ലപ്പെടുകയായിരുന്നു.
ഇഡ്ലിബിലെ താവളത്തിലേക്ക് കമാൻഡോകൾ കുതിച്ചതോടെ മൂന്നു കുട്ടികളുമായി ഒരു തുരങ്കത്തിലേക്കു കടക്കുകയായിരുന്നു ബാഗ്ദാദി. കെ9 എന്നറിയപ്പെടുന്ന നായ്ക്കൾ ഇയാളുടെ പിന്നാലെ ഓടി. കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. പക്ഷേ, നായ്ക്കൾ വിട്ടില്ല. ഓടുന്നതിനിടെ ബാഗ്ദാദി ഉറക്കെ കരയുകയായിരുന്നു.
തുരങ്കത്തിന്റെ അങ്ങേയറ്റത്ത് എത്തുന്പോഴേക്കും നായ്ക്കൾ പിടികൂടിയിരുന്നു. അതിനിടെ ദേഹത്തു കെട്ടിവച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. നായ്ക്കൾക്ക് പരിക്കേറ്റെങ്കിൽ അവയ്ക്ക് ജീവഹാനി സംഭവിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. തുരങ്കത്തിൽ പ്രവേശിക്കാൻ കഴിയുന്ന റോബട്ടുമായാണ് യുഎസ് സൈന്യം സിറിയയിൽ എത്തിയത്. എന്നാൽ, റോബട്ടിനെ ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.
യുഎസ് പ്രസിഡന്റ് ഡോണ ൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, ഉന്നത സൈനിക നേതാക്കൾ എന്നിവർ സൈനികനടപടികൾ വൈറ്റ് ഹൗസിൽ ലൈവായി കണ്ടു. ബാഗ്ദാദിയെ വധിക്കാനുള്ള സൈനികനീക്കത്തിനു പിന്തുണ നല്കിയതിനു റഷ്യ, തുർക്കി, സിറിയ, ഇറാക്ക് എന്നീ രാജ്യങ്ങൾക്കും സിറിയൻ കുർദുകൾക്കും ട്രംപ് നന്ദി അറിയിച്ചു.
തങ്ങളുടെ ദൗത്യം എന്താണെന്ന് റഷ്യയെ അറിയിച്ചിരുന്നില്ലെന്നും അവർക്കു സന്തോഷമുണ്ടാകുമെന്നു കരുതുന്നതായും ട്രംപ് പറഞ്ഞു. രണ്ടാഴ്ച മുന്പു പദ്ധതിയിട്ട നീക്കങ്ങൾക്കൊടുവിലാണു ബാഗ്ദാദിയെ വധിച്ചത്. ചിതറിയ നിലയിലുള്ള ബാഗ്ദാദിയുടെ മൃതദേഹം അവിടെവച്ചുതന്നെ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി. കൊല്ലപ്പെട്ടതു ബാഗ്ദാദി തന്നെയെന്നു സ്ഥിരീകരിക്കാനായിരുന്നു ഡിഎൻഎ പരിശോധന.
സൈനികനീക്കത്തിൽ അമേരിക്കൻ സൈനികർക്കാർക്കും പരിക്കേറ്റില്ല. ബാഗ്ദാദിയുടെ അനുയായികളായ നിരവധിപ്പേർ കൊല്ലപ്പെട്ടതായാണു വിവരം. ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവർക്ക് അമേരിക്ക 2.5 കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.