ന്യൂയോര്‍ക്ക്: നൂറുവയസു വരെ ജീവിച്ചിരിക്കുന്നതു തന്നെ മഹാഭാഗ്യമെന്നിരിക്കെ 107-ാം വയസിലും ചുറുചുറുക്കോടെ ജോലി ചെയ്യുന്നതിനെ എന്തു വിളിക്കണം. ഇറ്റലിയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന ആന്റണി മാന്‍സിനെല്ലി എന്ന അപ്പൂപ്പനാണ് കഥയിലെ താരം. ഇദ്ദേഹം ബാര്‍ബര്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 96 വര്‍ഷമായി. ന്യൂയോര്‍ക്കിലെ തന്റെ സലൂണിലിരുന്ന് ചുറുചുറുക്കോടെ ജോലിചെയ്യുകയാണ് ഇദ്ദേഹം. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയില്‍ നിന്ന് പിറന്നാള്‍ ആശംസ വാങ്ങിയ ആളാണ് ആന്റണി.
14 വര്‍ഷം മുമ്പ് ആന്റണിയെ തനിച്ചാക്കി ഭാര്യ ഇഹലോകവാസം വെടിഞ്ഞു. അതിനുശേഷം ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിക്കുന്നത്. വീട്ടിലെയും ബാര്‍ബര്‍ഷോപ്പിലെയും കാര്യങ്ങള്‍ നോക്കുന്നു. കൂടാതെ ദിനവും സെമിത്തേരിയില്‍ ഭാര്യയെ സന്ദര്‍ശിക്കും. അത് ഒരു കരുത്തായിട്ടാണ് ഇദ്ദേഹത്തിന് തോന്നുന്നത്. 107-ാം വയസിലെ ഈ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്ന് ഒരുപാടാളുകള്‍ ആന്റണിയോട് ചോദിച്ചിട്ടുണ്ട്.
അതിനെക്കുറിച്ച് ആന്റണി പറയുന്നതിങ്ങനെ ‘ഞാന്‍ ഷോപ്പിംഗിന് പോകുമ്പോള്‍ പലരുമെന്നെ പിന്തുടരും. ഞാനെന്താണ് വാങ്ങുന്നത് എന്നറിയാന്‍. ഞാന്‍ പ്രത്യേകമായി എന്തോ വാങ്ങിക്കഴിക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞാന്‍ വാങ്ങുന്നത് തന്നെ വാങ്ങും. ഞാനെങ്ങനെയാണ് ഇപ്പോഴും ഇങ്ങനെയിരിക്കുന്നതെന്നാണ് അവര്‍ക്ക് അറിയേണ്ടത്. ഞാനവരോട് പറയും നിങ്ങളെല്ലാവരും കഴിക്കുന്നത് തന്നെയാണ് ഞാനും കഴിക്കുന്നത്. അല്ലാതെ പ്രത്യേകമായി ഒന്നും കഴിക്കുന്നില്ലാ എന്ന്. പതിനൊന്ന് വയസ് കഴിഞ്ഞപ്പോള്‍ ഞാന്‍ ബാര്‍ബര്‍ ജോലി തുടങ്ങിയതാണ്. ഹെയര്‍കട്ടും ഷേവിങ്ങും ചെയ്യും.’ അന്റണി പറയുന്നു. ആന്റണിയുടെ ബാര്‍ബര്‍ ജോലിയുടെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്.