108 ആംബുലൻസ് ജീവൻ രക്ഷിക്കാൻ മാത്രമുള്ളതല്ല, ജീവിതം തുടങ്ങാൻകൂടിയുള്ളതാണ്. രണ്ടു വർഷത്തിനിടെ 108 ആംബുലൻസിനുള്ളിൽ ജനിച്ചത് 4,360 കുഞ്ഞുങ്ങൾ. 2015-16ൽ 1,955ഉം 2016-17ൽ 2,405 കുട്ടികൾക്കുമാണ് ആംബുലൻസ് പിള്ളത്തൊട്ടിലായതെന്ന് കർണാടക ആരോഗ്യ വകുപ്പ് പുറത്തുവിട്ടു.
2008ൽ സംസ്ഥാനത്തെ അപകടമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച 108 ആംബുലൻസ് സർവീസ് കൂടുതൽ ഗ്രാമീണ സ്ത്രീകൾക്കാണ് സഹായമായത്. അതുകൊണ്ടുതന്നെ ശിശുമരണനിരക്കും ഗണ്യമായി കുറഞ്ഞെന്ന് കർണാടക സർക്കാർ പറയുന്നു.
ഗ്രാമപ്രദേശങ്ങളിൽ വീട്ടിൽ പ്രസവം നടത്താനാണ് ആളുകൾ ശ്രമിക്കുന്നത്. പ്രസവം വിഷമകരമാണെന്നു തോന്നുന്പോഴാണ് ഇവിടത്തുകാർ ആംബുലൻസ് വിളിക്കുന്നത്. അപ്പോഴേക്കും ആറു മണിക്കൂർ പിന്നിട്ടിരിക്കും. തൊട്ടടുത്തുള്ള താലൂക്ക്, ജില്ലാ ആശുപത്രികളിലേക്കു പോകുന്ന വഴിയാണ് പ്രസവങ്ങളെല്ലാം നടന്നിട്ടുള്ളതും. അടിയന്തര സാഹചര്യമായതിനാൽ മികച്ച പരിശീലനം സിദ്ധിച്ച നഴ്സുമാരായിരിക്കും ഇത്തരം ആംബുലൻസുകളിലുള്ളത്.