കാഞ്ഞങ്ങാട്: ജില്ലയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പൂർത്തിയാവുമ്പോൾ രോഗ പ്രതിരോധത്തിലും നിയന്ത്രണത്തിലും 108 ആംബുലൻസുകളുടെ സേവനം ശ്രദ്ധേയമാവുന്നു.
സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സമയത്താണ് ആരോഗ്യ വകുപ്പ് ഡയറക്ടേറ്റിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ജില്ലയിലെ രണ്ട് 108 ആംബുലൻസുകൾ കോവിഡ് രോഗികളുടെ ആവശ്യത്തിനായി ഒരുക്കി നിർത്തിയത്.
തുടർന്ന് ജില്ലയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചപ്പോൾ ആദ്യം ഏഴ് ആംബുലൻസുകളും തുടർന്ന് ജില്ലയിലെ കോവിഡ് കേസുകൾ അഞ്ഞൂറിലധികമായി വർധിച്ചപ്പോൾ 13 ആംബുലൻസുകളും കോവിഡ് രോഗികൾക്കായി മാറ്റിവച്ചു.
ഒരു വർഷം കൊണ്ട് 4,60,913 കിലോമീറ്ററുകൾ സഞ്ചരിച്ച് 19,956 രോഗികളെയാണ് 108 ആംബുലൻസുകൾ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.
ആദ്യഘട്ടത്തിൽ സ്രവ പരിശോധനയ്ക്ക് രോഗികളെ എത്തിക്കൽ, പോസിറ്റീവ് ആയവരെ ചികിത്സാ കേന്ദ്രത്തിലെത്തിക്കൽ, ഗുരുതരാവസ്ഥയിലുള്ളവരെ മെഡിക്കൽ കോളജുകളിലെത്തിക്കൽ, രോഗമുക്തിക്ക് ശേഷം തിരിച്ച് വീടുകളിലെത്തിക്കൽ എന്നീ പ്രവർത്തനങ്ങളായിരുന്നു 108 ആംബുലൻസുകളുപയോഗിച്ച് ചെയ്തിരുന്നത്.
എന്നാൽ കേസുകൾ ക്രമാതീതമായി വർധിച്ചപ്പോൾ പോസിറ്റീവ് ആയ രോഗികളുടെ ആവശ്യങ്ങൾക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തുകയായിരുന്നു.
മറ്റ് ജില്ലകളിൽ സ്വകാര്യ മേഖലയിലേത് ഉൾപ്പെടെ നാല്പതും അതിലധികവും ആംബുലൻസുകൾ കോവിഡ് രോഗികൾക്കായി ഉള്ളപ്പോഴാണ് ആദ്യ ഘട്ടത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട കാസർഗോഡ് ജില്ലയിൽ പരിമിതമായ ആംബുലൻസുകൾ ഉപയോഗിച്ച് മെച്ചപ്പെട്ട സേവനം നൽകാൻ സാധിച്ചത്.
ജില്ലാ തല കോവിഡ് നിയന്ത്രണ സെല്ലിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എ. ശ്രീകുമാറിനാണ് ജില്ലയിലെ 108 ആംബുലൻസുകളുടെ ചുമതല. എൻഎച്ച്എം ജീവനക്കാരായ എം. സുധീഷ്, സിയോ ബാബു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. രജീഷ , കെ.എം. രമ്യ എന്നിവരും സഹായത്തിനുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതി വാമൻ, കോവിഡ് നിയന്ത്രണ സെൽ നോഡൽ ഓഫീസർ ഡോ.എ.ടി. മനോജ്, 108 ആംബുലൻസ് പ്രോഗ്രാം ഓഫീസർ കെ.പി. രമേശൻ എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ജില്ലയിൽ നിലവിൽ 10 ആംബുലൻസുകളാണ് കോവിഡ് രോഗികൾക്കായി ഉപയോഗിക്കുന്നത്. 24 മണിക്കൂറും ആംബുലൻസിനായി വിളിവരാമെന്നുള്ളത് കൊണ്ട് സദാ ജാഗരൂകരായിരിക്കേണ്ട ജോലിയാണ് ചുമതലയുള്ള ജീവനക്കാർക്ക്.
പരിമിതമായ സൗകര്യങ്ങൾ വെച്ച് മെച്ചപ്പെട്ട സേവനം നൽകിയതിന് കാസറഗോഡ് ജില്ലയിലെ ആംബുലൻസ് സംവിധാനം ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പ്രശംസ പിടിച്ച് പറ്റിയിരുന്നു.
പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ കോവിഡ് പോസിറ്റീവായ ഗർഭിണിക്ക് ആംബുലൻസിൽ സുഖ പ്രസവമൊരുക്കുന്നതിനും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെ സാധിച്ചിരുന്നു.
ജീവനക്കാരുടെ അർപ്പണ മനോഭാവം കാരണമാണ് പരിമിതമായ സ്രോതസുകൾ വച്ച് ജില്ലയിൽ മെച്ചപ്പെട്ട സേവനം നൽകാൻ സാധിക്കുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.