കോഴിക്കോട്: കോവിഡും നിപ്പയും ഭീതിപടര്ത്തുമ്പോഴും മുന്‍നിര പോരാളികളായ 108 ആംബുലന്‍സുകാര്‍ക്ക് അവഗണന. രോഗികളുമായി ദിവസേന ഇടപെടുന്ന റിസ്ക് ഏറെയുള്ള ജോലിയായിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്കുന്ന വീതിയില്‍ റിസ്ക് അലവന്‍സ് 108 ആംബുലന്‍സ് ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല.
മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. ശമ്പളം പോലും കൃത്യമായ ദിവസം ലഭിക്കുന്നില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്.
കോവിഡ് ബാധിതരായവരേയും നിപ്പ സമ്പർക്കപ്പട്ടികയിലുള്പ്പെട്ടരേയുമെല്ലാം ആശുപത്രികയിലെത്തിക്കുന്നതിന് 108 ആംബുലന്‍സുകളാണ് സജീവമായി രംഗത്തുള്ളത്.
എങ്കിലും ഇവരുടെ ശമ്പളത്തിന്റേയും ആനുകൂല്യത്തിന്റെയും കാര്യത്തില്‍ അധികൃതര്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആരോപണമാണുയരുന്നത്.
രോഗികളെ എത്തിച്ചതിന് ശേഷം തിരിച്ചെത്തിയാല്‍ ആശുപത്രിയില്‍ വിശ്രമിക്കാനുള്ള ഇടം പോലും ഇവര്‍ക്ക് സ്വന്തമായില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആനുകൂല്യങ്ങളും കൃത്യമായ ശമ്പളവും ഉറപ്പുവരുത്തുന്നതിന് അധികൃതര്‍ തയാറവാണമെന്ന് 108 സംയുക്ത കൂട്ടായ്മ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് വിഷ്ണു രാജ്, സെക്രട്ടറി അനുദര്‍ശ്, വൈസ് പ്രസിഡന്റ് വിഷ്ണു സ്വരാജ്, മീഡിയ കോ-ഓർഡിനേറ്റര്‍ നിതിന്‍ കുമാര്‍, ഷൈബു, ദീപു , സമദ് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്യം നല്കി.