വിതുര :ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ജീവനക്കാരുടെ പരിചരണത്തിൽ യുവതിക്ക് സുഖപ്രസവം. വിതുര മണ്ണാൻതല ഇരിഞ്ചയം ഞാറനീലി ഷനീസ ഭവനിൽ ഷൈനിന്റെ ഭാര്യ വർഷ മോഹൻ(30) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
ഇന്നലെ പുലർച്ചെ ഒന്നിന് പ്രസവ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബന്ധുക്കൾ വർഷയെ വിതുര താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡോക്ടറുടെ പരിശോധനയിൽ വിദഗ്ധ ചികിത്സക്കായി ഉടൻ എസ്എടി ആശുപത്രിയിലേക്ക് മാറ്റണമെന്ന് മനസിലാക്കി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി
. കൺട്രോൾ റൂമിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് എസ്.എ. അനന്തൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഷിജി ജോസ് എന്നിവർ ആശുപത്രിയലെത്തി വർഷയുമായി എസ്എടിയിലേക്ക് യാത്ര തിരിച്ചു.
ചേന്നൻപാറയിലെത്തിയപ്പോഴേക്കും വർഷയുടെ ആരോഗ്യനില വഷളാകുകയും പരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കി ആംബുലൻസിൽ വേണ്ട സജീകരണങ്ങളൊരുക്കുകയായിരുന്നു.
പുലർച്ചെ 1.19ന് ഷിജിയുടെ പരിചരണത്തിൽ വർഷ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്രഥമ ശുശ്രൂഷ നൽകി ഉടനെ അമ്മയെയും കുഞ്ഞിനെയും വിതുര താലൂക്ക് ആശുപത്രിയിലും ഇവിടെ നിന്ന് എസ്എടി ആശുപത്രിയിലേക്കും മാറ്റി. ഇരുവരും സുഖമായി ഇരിക്കുന്നതയി ആശുപത്രി അധികൃതർ അറിയിച്ചു.