വിഴിഞ്ഞം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ഇന്നലെ ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.
പ്രസവത്തിന് ഇനിയും രണ്ടാഴ്ചയുണ്ടെന്ന് നേരത്തെ പരിശോധനയിൽ കണ്ടെത്തിയ ഡോക്ടർമാർ ഇന്ന് സ്കാൻ ചെയ്യുന്നതിന് എത്തണമെന്ന് അറിയിച്ചിരുന്നു. ഇതിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടയിൽ ഇന്നലെ ഉച്ചയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു.
വേദന കലശലായതോടെ ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ സന്ദേശം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് എസ്. രാജേഷ് , എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എം.എസ്. വിനീഷ് എന്നിവർ ഉടൻ സ്ഥലത്തെത്തി ആശയുമായി ആശുപത്രിയിലേക്ക് തിരിച്ചു.
അട്ടകുളങ്ങര ഭാഗം എത്തിയപ്പോൾ ആശയുടെ ആരോഗ്യനില വഷളായി. പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി ആംബുലൻസിനുള്ളിൽ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
2.35ന് ആശ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും വിനീഷ് പ്രഥമ ശുശ്രൂഷ നൽകി.
തുടർന്ന് ആംബുലൻസ് പൈലറ്റ് രാജേഷ് ഇരുവരെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു.
ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. യേശുദാസൻ- ആശ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവം കൂടിയാണ്.