കല്ലറ : ആംബുലൻസിൽ നേപ്പാൾ സ്വദേശിനിക്ക് സുഖ പ്രസവം .കല്ലറ-പാലോട് റോഡിൽ ഭരതന്നൂരിനു സമീപമാണ് സംഭവം. പാങ്ങോട് താമസിക്കുന്ന നേപ്പാൾ സ്വദേശിനി പുംഫ(26) ആണ് 108 ആംബുലൻസിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. ഇന്നലേ രാത്രി പത്തേമുക്കാലോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പുംഫയെ ഭർത്താവ് കിരണ്‍ ഓട്ടോ റിക്ഷയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
എന്നാൽ റോഡിന്റെ ശോച്യാവസ്ഥ കാരണം ഭരതന്നൂർ എത്തിയപ്പോൾ പുംഫക്ക് വേദന കലശലാകുകയും മുന്നോട്ടു സഞ്ചരിക്കാൻ കഴിയാതെ അവസ്ഥ ഉണ്ടാകുകയുമായിരുന്നുയെന്ന് കിരണ്‍ പറഞ്ഞു. തുടർന്ന് ഓട്ടോ റിക്ഷ നിറുത്തി റോഡ് വശത്തായി പുംഫയെ ഇറക്കി കിടത്തിയ ശേഷം കിരണ്‍ 108ൽ വിവരം അറിയിക്കുകയിരുന്നു.
വിവരമറിഞ്ഞ ഉടൻ കല്ലറ മേഖലയിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് സ്ഥലത്തെത്തി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ(ഇഎംടി) അഖിലിന്റെ പരിശോധനയിൽ പുംഫയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് റോഡ് വശത്തു തന്നെ പ്രസവം എടുക്കുകയായിരുന്നു.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിലേക്ക് മാറ്റിയ അമ്മയെയും കുഞ്ഞിനെയും ആംബുലൻസ് പൈലറ്റ് ലികേഷ് ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇവിടെനിന്ന് ഇവരെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പുംഫയുടെ മൂന്നാമത്തെ പ്രസവമാണ് ഇത്.
ഭർത്താവ് കിരണ്‍ പാങ്ങോടുള്ള കോഴി ഫാം ജീവനക്കാരനാണ്. മെയിൽ നേഴ്സ് ആയ അഖിൽ 108ൽ എടുക്കുന്ന പത്താമത്തെ പ്രസവവും കല്ലറ 108 ആംബുലൻസിൽ നടക്കുന്ന പതിമൂനാമത്തെ പ്രസവവുമാണ് ഇത്.