പേരൂര്‍ക്കട: വീട്ടില്‍ പ്രസവിച്ച യുവതിയെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് 108 ആംബുലന്‍സിലെ ജീവനക്കാര്‍. ഞായറാഴ്ച രാത്രി പത്തരയോടെ പേരൂര്‍ക്കട വഴയില കൈരളി നഗറില്‍ ജിയ (21) ആണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ജിയ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
ഉടനെ ഇവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്ട്രോള് റൂമില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സ് പൈലറ്റ് എഫ്. ലിപു, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് എസ്. പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി.
പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് പ്രശാന്ത് അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നല്കി ഇരുവരെയും ആംബുലന്‍സിലേക്ക് മാറ്റി.
ഉടന്‍ തന്നെ പൈലറ്റ് ലിപു അമ്മയെയും കുഞ്ഞിനെയും എസ്എടി ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃര്‍ പറഞ്ഞു.