വൈക്കം: വൈക്കം താലൂക്ക് ആശുപത്രിക്കു 108ന്റെ പുതിയ ആംബുലൻസ് ലഭിച്ചു. ഓക്സിജൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉള്ള ഈ ആംബുലൻസിൽ അടിസ്ഥാന ജീവൻ രക്ഷാ ഉപാധികൾ ലഭ്യമായതിനാൽ പ്രഥമശുശ്രൂഷ നൽകുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു സ്റ്റാഫ് നഴ്സിന്റെ സേവനവും കിട്ടും. ആംബുലൻസിന്റെ സേവനം തികച്ചും സൗജന്യമാണ്.
ആവശ്യക്കാരുടെ വരുമാനമോ സാന്പത്തികാവസ്ഥയോ പരിഗണിക്കാതെയാണ് തികച്ചും സൗജന്യമായി ആംബുലൻസ് ഓടുന്നത്. നിലവിൽ എറണാകുളത്തുള്ള ഒരു ആശുപത്രിയിൽ രോഗിയെ എത്തിക്കുന്നതിന് സ്വകാര്യ ആംബുലൻസുകൾ 3000 രൂപ വരെ ഈടാക്കുന്നുണ്ട്.
നിർധന രോഗികൾ മാത്രം ആശ്രയിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിയിൽ പുതിയതായി എത്തിയ 108 ആംബുലൻസിന് ആവശ്യക്കാരേറെയാണ്. വൈക്കത്തുനിന്ന് 15 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് 108 എന്ന നന്പറിൽ വിളിച്ചാൽ ആംബുലൻസ് എത്തും.
രോഗി വിദഗ്ധ ചികിൽസയ്ക്കായി കൂടുതൽ ദൂരെയുള്ള ആശുപത്രിയിലേക്കു പോകുന്നതിനും തടസമില്ല. മൃതദേഹങ്ങൾ കൊണ്ടു പോകാൻ ആംബുലൻസിന്റെ സേവനം ലഭിക്കില്ല.