നെടുമ്പാശേരി: കോവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജീവന് പോലും പണയപ്പെടുത്തി രോഗികളെയും രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ആശുപത്രികളില്‍ എത്തിക്കാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്ന ‘108 ആംബുലന്‍സിലെ ‘ ഡ്രൈവര്‍മാര്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി ശമ്പളമില്ല.
അപകടത്തില്‍പ്പെടുന്നവരുടെ ജീവന് രക്ഷിക്കാനും വിമാനത്താവളത്തില്‍നിന്നടക്കം കോവിഡ് രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ എത്തിക്കാനും സദാ സമയവും ജാഗ്രതയിലാണ് ഇവര്‍.
കോവിഡ് 19 ദേശീയ ദുരന്തമായി പ്രഖ്യാപിച്ചതോടെ 108 ആംബുലന്‍സിന്റെ കരാര്‍ കമ്പനിയായ ജിവികെഇഎംആര്‍ഐ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 30 ആംബുലന്‍സുകളാണ് വിമാനത്താവളത്തില്‍ എത്തിച്ചിരുന്നത്.
രോഗം സംശയിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ തൃശൂരില്‍നിന്ന് 10 ആംബുലന്‍സുകള്‍ കൂടി എത്തിച്ചു. ഇപ്പോള്‍ 40 ആംബുലന്‍സുകളാണ് നെടുമ്പാശേരി വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തുന്നത്.
ഈ ആംബുലന്‍സുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയിട്ട് ഇന്നേക്ക് രണ്ടു മാസം പിന്നിടുന്നു. കഴിഞ്ഞ ജനുവരി 21 നാണ് ഇവര്‍ക്ക് അവസാനമായി കമ്പനിയില്‍നിന്നു ശമ്പളം ലഭിച്ചതെന്നു ജീവനക്കാര്‍ പരാതിപ്പെടുന്നു.
ശമ്പളം മുടങ്ങിയതോടെ ഇവരുടെ വീടുകളിലെ അവസ്ഥയും കഷ്ടത്തിലായി. ശമ്പളം എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടും ഫലമില്ലാതായതോടെ ഡ്രൈവര്‍മാരുടെ പ്രതിനിധി സംഘം എറണാകുളം ജില്ലാ കളക്ടര്‍ക്കു പരാതി നല്കി.