വെഞ്ഞാറമൂട്: 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ യുവതിക്ക് വീട്ടിൽ സുഖപ്രസവം. വെഞ്ഞാറമൂട് തൈക്കാട് മുളംക്കുന്ന് ലക്ഷംവീട്ടിൽ മുരളിയുടെ ഭാര്യ ലീല(44) ആണ് വീട്ടിൽ ആൺകുട്ടിക്ക് ജന്മം നൽകിയത്.
വ്യാഴാഴ്ച രാത്രി 11 ന് ലീലയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108ന്റെ സേവനം തേടുകയായിരുന്നു. വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ സർവീസ് നടത്തുന്ന 108 ആംബുലൻസ് പൈലറ്റ് എസ്. പ്രദീപ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കെ.പി. രഞ്ജിത്ത് എന്നിവർ സ്ഥലത്തെത്തി.
രഞ്ജിത്തിന്റെ പരിശോധനയിൽ ലീലയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് മനസിലാക്കിയതിനെതുടർന്ന് വീട്ടിൽ വച്ച് പ്രസവം എടുക്കാൻ വേണ്ട ക്രമീകരണങ്ങൾ രഞ്ജിത്ത് ഒരുക്കി. 11.25ന് ലീല കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഇരുവരേയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുരളി ലീല ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രഞ്ജിത്ത് എടുക്കുന്ന മൂന്നാമത്തെ പ്രസവവും വാമനപുരം 108 ആംബുലൻസിൽ നടക്കുന്ന ഏഴാമത്തെ പ്രസവവുമാണ് ഇത്.