പത്തനംതിട്ട: കനിവ് 108 ആംബുലൻസിന്റെ വൈദ്യസഹായത്തിൽ രാജസ്ഥാൻ സ്വദേശിനിക്ക് വീട്ടിൽ സുഖ പ്രസവം. രാജസ്ഥാൻ സ്വദേശിയും പൂഴിക്കാട് ബഥേൽ ഫാമിൽ താമസക്കാരനുമായ രാജു ശർമയുടെ ഭാര്യ ഗീതയാണ് (24) വീട്ടിൽ ആണ്‍കുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. ഗീതയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശ വർക്കറായ അനിതകുമാരി 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
കണ്ട്രോൾ റൂമിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ അത്യാഹിത സന്ദേശം പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അജിൻഷ ഫാസിൽ, പൈലറ്റ് അജേഷ് കുമാർ എന്നിവർ സ്ഥലത്തെത്തി.
അജിൻഷയുടെ പരിശോധനയിൽ ഗീതയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയാത്ത അവസ്ഥയാണെന്ന് കണ്ടെത്തി. തുടർന്ന് വീട്ടിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
അജിൻഷയുടെ വൈദ്യസഹായത്തിൽ 1.20ന് ഗീത കുഞ്ഞിനു ജന്മം നൽകി. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഇരുവരെയും ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടു വർഷമായി രാജു ശർമയും കുടുംബവും പൂഴിക്കാടാണ് താമസിക്കുന്നത്. ഇവരുടെ നാലാമത്തെ കുട്ടിയാണ് ഇത്.
ഗീതയുടെ മൂന്നാമത്തെ പ്രസവം വീട്ടിൽ തന്നെയായിരുന്നു. തുടർന്ന് അന്നും കനിവ് 108 ആംബുലൻസാണ് ഗീതയ്ക്കും കുഞ്ഞിനും വൈദ്യ സഹായം ഒരുക്കിയത്.