ന്യൂഡൽഹി: ഒരു കുടുംബത്തിലെ പതിനൊന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു.
വീട്ടിലെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പതിനൊന്നു പൈപ്പുകളും ദുരൂഹതയുണർത്തുന്നു. വീട്ടിൽ മൃതദേഹങ്ങൾ കിടന്നതിനു സമാനമായിട്ടാണു പൈപ്പുകളും സ്ഥാപിച്ചിരിക്കുന്നത്. വീടിനുള്ളിൽ കണ്ടെത്തിയ ഡയറിയിൽ താന്ത്രിക് സ്വഭാവമുള്ള എഴുത്തുകൾ കണ്ടെത്തിയതിനു പിന്നാലെയാണ് പൈപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.
അതിനിടെ, പതിനൊന്നു പേരിൽ ആറുപേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടു പുറത്തുവന്നിട്ടുണ്ട്. ഇവർ തൂങ്ങിമരിച്ചതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മരണത്തിനുമുന്പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകൾ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല.
അതേസമയം, മരിച്ച പതിനൊന്നു പേരുടെയും കണ്ണുകൾ ദാനം ചെയ്തു. ഇതിലൂടെ 22 പേർക്ക് കാഴ്ച ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഇവരുടെ താൽപര്യം കണക്കിലെടുത്താണ് കണ്ണുകൾ ദാനം ചെയ്തതെന്ന് കുടുംബസുഹൃത്ത് നവ്നീത് ബത്ര പറഞ്ഞു.
ഞായറാഴ്ച രാവിലെയാണ് ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകൾ പ്രതിഭ (57), ആണ്മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുന്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു.
എന്നാൽ ദുർമന്ത്രവാദത്തിന്റെ ഇരകളായി ഇവർ ആത്മഹത്യ ചെയ്തതാണെന്ന വാദം ബന്ധുക്കൾ നിഷേധിച്ചു. കുടുംബത്തെ ആരോ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ നിലപാട്. എല്ലാ റിപ്പോർട്ടുകളും ദുർമന്ത്രവാദത്തിലേക്കാണു വിരൽ ചൂണ്ടുന്നത്.
എന്നാൽ ഇതു കളവാണ്. കുടുംബത്തിൽ എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു മന്ത്രവാദത്തിലും ബാബമാരിലും അവർ വിശ്വസിച്ചിരുന്നില്ലെന്നും നാരായണ്‍ ദേവിയുടെ മകൾ സുജാത പറഞ്ഞു.